കളിപ്പൊയ്കയിൽ ബോട്ടുകൾ തകർന്ന നിലയിൽ

കളിപ്പൊയ്കയിൽ ഇത്തവണയും കളിവഞ്ചികളില്ല

കോഴിക്കോട്: മധ്യവേനൽ അവധികഴിയാറായിട്ടും മഴ കനത്തു തുടങ്ങിയിട്ടും നഗരത്തിലെ മുഖ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ സരോവരം കളിപ്പൊയ്കയുടെ തീരങ്ങളിൽ കളി വഞ്ചികളടുത്തില്ല. കാലവർഷവും മഹാമാരികളുടെ നിയന്ത്രണങ്ങളും കാരണം വർഷങ്ങളായി നിർത്തിവച്ച ഉല്ലാസ ബോട്ട് സർവിസ് ഇത്തവണയെങ്കിലും പുനരാരംഭിക്കുമെന്ന പ്രതീക്ഷ മങ്ങി. ബോട്ട് സർവിസിന് സ്വകാര്യവ്യക്തികൾക്ക് കരാർ കൊടുക്കാറാണ് പതിവ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പുതിയ കരാർ നൽകാൻ ശ്രമിച്ചെങ്കിലും ആയില്ല. തുഴയുന്നവയും ചവിട്ടുന്നവയുമായി നിരവധി ബോട്ടുകൾ കളിപ്പൊയ്കയിലുണ്ടായിരുന്നു.

കോവിഡ് കാല അടച്ചിടലിന് ശേഷം കളിപ്പൊയ്കയിലേക്കും അതോട് ചേർന്ന സരോവരത്തേക്കും സഞ്ചാരികളുടെ വരവ് പൂർവ സ്ഥിതിയിലാവാത്തതിനാൽ ബോട്ട് സവാരി നഷ്ടത്തിലാവുമെന്ന ആശങ്ക നടത്തിപ്പുകാരെത്തുന്നതിന് തടസ്സമാണ്. കളിപ്പൊയ്കയിലെ വെള്ളം കറുത്തിരുണ്ടതും പ്രശ്നമാണ്. ചളിവെള്ളം തെറിക്കുന്നത് നേരത്തേ ബോട്ടിൽ കയറുന്നവർക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു.

കനോലി കനാലിൽ നിന്ന് വേലിയേറ്റത്തിന് മാലിന്യം കുത്തിയൊഴുകുന്നതിന് കനാൽ വൃത്തിയാക്കിയതോടെ ശമനമുണ്ടായെങ്കിലും ഒഴുക്ക് കുറഞ്ഞതിനാൽ വെള്ളം വൃത്തികേടാവുന്നത് ഇപ്പോഴും തുടരുന്നു. പല ബോട്ടുകളുടെയും ശവപ്പറമ്പായി മാറിയിരിക്കുകയാണ് കളിപ്പൊയ്ക.

നേരത്തേ കരാർ എടുത്തയാളുടെ ഉടമസ്ഥതയിലുള്ള കേടായ ബോട്ടുകൾ പൊയ്കയിൽ പലയിടത്തായി മുഴുവൻ മുങ്ങിയും പാതി ചെളിയിൽ താഴ്ന്നും കിടപ്പാണ്.കളിപ്പൊയ്കയിൽ സരോവരം നവീകരണത്തിന്റെ ഭാഗമായി പുതുക്കിപ്പണിത ജെട്ടിയും കേടായി തുടങ്ങിയിട്ടുണ്ട്. ബോട്ട് കാത്തിരിക്കാനുള്ള ഇരിപ്പിടങ്ങൾക്കും തൊട്ടടുത്ത ബോട്ട് ക്ലബ് കെട്ടിടത്തിനും അറ്റകുറ്റപ്പണി വേണം. ഉപയോഗിക്കാതെ കിടക്കുന്ന കളിപ്പൊയ്കയിൽ വിജനമായ കിഴക്ക് തെക്ക് ഭാഗങ്ങളിൽ മാലിന്യം അടിയുന്നതും പ്രശ്നമാണ്. നൂറ് ഏക്കറോളം വരുന്ന സരോവരം പാർക്കിൽ കൂടുതൽ ആകർഷകമാക്കാൻ നടപടി വേണമെന്ന ആവശ്യവുമുണ്ട്. കോവിഡ് കാലത്തെ അടച്ചിടലിന്റെ ക്ഷീണത്തിലായ സരോവരം ബയോപാർക്കിൽ വിനോദ സഞ്ചാരവകുപ്പിന്റെ 1.74 കോടി രൂപയുടെ നവീകരണത്തിനാണ് അനുമതിയായിട്ടുണ്ട്.

'ബോട്ട് സർവിസിന് നടപടിയുണ്ടാവും'

കളിപ്പൊയ്കയിൽ ഉല്ലാസബോട്ടുകൾ ഇറക്കുന്നതിന് നടപടിയുണ്ടാവുമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി നിഖിൽ ദാസ് പറഞ്ഞു. മഴ പെയ്താൽ പൊയ്കയിലെ വെള്ളം കൂടുതൽ തെളിയുന്നത് ബോട്ടിറക്കുന്നതിന് അനുകൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - no toy boats in Kalippoyka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.