കോഴിക്കോട്: മലബാറിലെ സാധാരണക്കാരായ ജനറൽ ടിക്കറ്റ് യാത്രക്കാരെ പെരുവഴിയിൽ തള്ളി റെയിൽവേ. വൈകീട്ട് നാലു മണിക്കൂർ ഷൊർണൂർ മുതൽ വടക്കോട്ട് പാസഞ്ചർ ട്രെയിനുകൾ ഒന്നുമില്ല. ഷൊർണൂരിൽനിന്ന് 4.20ന് കൊയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ വിട്ടാൽ പിന്നെ 8.10 നാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ് പ്രസ് വരുന്നത്. ഇത് കോഴിക്കോടുനിന്ന് യഥാക്രമം 6.20നും 10.25നുമാണ് പുറപ്പെടുക.
ഇതിന് ഇടയിലുള്ള സമയം സീസൺ ടിക്കറ്റുകാർക്കും ജനറൽ ടിക്കറ്റുകാർക്കും യാത്ര ചെയ്യാൻ ട്രെയിനുകളില്ലാത്തത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. 9.25ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് കോഴിക്കോട്ട് നിർത്തുമെങ്കിലും അതിൽ സാധാരണക്കാര്‍ക്കും ഹ്രസ്വദൂരക്കാര്ക്കും യാത്ര ചെയ്യാൻ കഴിയില്ല. മൂന്ന് മണിക്കൂർ പാളം അറ്റകുറ്റപ്പണിക്ക് ഒഴിച്ചിടേണ്ടതിനാലാണ് ട്രെയിൽ സർവിസ് ഇല്ലാത്തതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
അപ്പോഴും നാലുമണിക്കൂർ എന്തിനാണ് ഒഴിച്ചിടുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്രയും ദീര്‍ഘ സമയം ട്രെയിനില്ലാതിരിക്കുന്നത് വിദ്യാഭ്യാസ, വ്യാപാര, തൊഴില്‍, ആശുപത്രി ആവശ്യങ്ങള്‍ക്കായി കോഴിക്കോടെത്തുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ സാധാരണക്കാർ അനുഭവിക്കുന്ന യാത്രാദുരിതം സ്ഥിരം കാഴ്ചയാണ്. കോഴിക്കോടുനിന്ന് 5.30ന് പാലക്കാട് - കണ്ണൂര്‍ ട്രെയിനുണ്ടെങ്കിലും അഞ്ചു മണിക്ക് ഓഫിസിൽനിന്ന് ഇറങ്ങുന്ന പലര്‍ക്കും സ്റ്റേഷനില്‍ എത്താന്‍ കഴിയുന്നില്ല.
14 മെമു ട്രെയിനുകള്‍ കേരളത്തില്‍ ഓടുന്നുണ്ടെങ്കിലും ഒരെണ്ണം മാത്രമേ മലബാറിനുള്ളൂ. 2015ൽ വൈദ്യുതീകരണം പൂർത്തിയാക്കിയതു മുതൽ ജനപ്രതിനിധികളും യാത്രക്കാരും മെമുവിനായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. വൈകീട്ട് 5.30ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കോ കാസർക്കോട്ടേക്കോ മെമു സർവിസുണ്ടായാല് ഈ പ്രശ്നം വലിയൊരളവുവരെ പരിഹരിക്കാനാവും. തൃശൂര്‍ - കണ്ണൂര്‍ മെമുവിനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ റെയില്‍വേക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും അനുവദിച്ചു കിട്ടിയിട്ടില്ല.
നിര്‍ത്തലാക്കിയ എല്ലാ ട്രെയിനുകളും പഴയ സമയത്ത് പുനസ്ഥാപിക്കുകയും വന്ദേ ഭാരതിനു വേണ്ടി മറ്റു ട്രെയിനുകളെല്ലാം പിടിച്ചിടുന്നത് അവസാനിപ്പിക്കുകയും പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതലായി ഓടിക്കുകയും ചെയ്താലേ മലബാറിലെ സാധാരണക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാവൂ.
കടുത്ത യാത്രാദുരിതം അനുഭവിക്കുന്നതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ സർവിസുകൾ നീട്ടിയും മുറിച്ചും പുതിയ ട്രെയിൻ അനുവദിച്ചെന്ന് പറഞ്ഞും യാത്രക്കാരെ കബളിപ്പിക്കുകയാണ് റെയിൽവേ. നേരത്തെ ഷൊർണൂർ-കണ്ണൂർ - ഷൊർണൂർ പാസഞ്ചറായി ഓടിയിരുന്ന ട്രെയിൻ പാലക്കാട്ടേക്ക് നീട്ടിയപ്പോൾ നീട്ടിയ ഭാഗം പുതിയ നമ്പറിൽ അവതരിപ്പിച്ചു.
ഇതേ ട്രെയിൻ കണ്ണൂരിൽനിന്ന് കോഴിക്കോട് വരുന്നത് ഒരു നമ്പറിലും കോഴിക്കോട്ടുനിന്ന് പാലക്കാട് വരെ മറ്റൊരു നമ്പറിലും പാലക്കാട്ടുനിന്ന് കണ്ണൂരിലക്ക് വേറൊരു നമ്പറിലും ഓടിക്കുന്നു. ശനിയാഴ്ചകളിൽ ഈ ട്രെയിൻ ഷൊർണൂർ സർവിസ് നടത്തുന്നതും രണ്ടു നമ്പറുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.