കോഴിക്കോട്: വൈകിയെത്തുന്ന ബസുകൾക്കുപകരം നൽകാൻ ബസുകളും ആവശ്യത്തിന് ഡ്രൈവർമാരും ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി ബസുകളുടെ ഓട്ടം താളംതെറ്റുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ബുക്ക് ചെയ്ത ബസുകൾ മണിക്കൂറുകളോളം വൈകുന്നതിനാൽ പരീക്ഷാർഥികൾ ഉൾപ്പെടെ സമയത്തിന് എത്താൻ പ്രയാസപ്പെടുകയാണ്. ബസുകൾ കുറവായതുകൊണ്ടല്ല, ദൂരെനിന്ന് വരുന്നവ എത്താൻ വൈകുന്നതാണ് കാരണമെന്നാണ് അധികൃതർ പറയുന്നതെങ്കിലും ഷെഡ്യൂളിൽ കവിഞ്ഞ ബസുകൾ പകരത്തിന് ഇല്ലെന്നതാണ് വിവരം.
ശനിയാഴ്ച പകൽ പല ദീർഘദൂര ബസുകളും താളംതെറ്റി. വൈകീട്ട് 5.30ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ബസ് 6.45നാണ് പുറപ്പെട്ടത്. 6.30ന് പോകേണ്ടിയിരുന്ന ബസ് എട്ടരയായിട്ടും എത്താത്തതിനാൽ തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരത്ത് പരീക്ഷയുള്ള വിദ്യാർഥികൾ അങ്കലാപ്പിലായി. പരീക്ഷയുള്ള വിവരം അധികൃതരെ അറിയിച്ചിട്ടും മറ്റു സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ബസ് മാറിക്കയറാൻ അനുവദിച്ചില്ലെന്നും പരാതി ഉയർന്നു.
എ.സി ബസുകൾ കൂടുതൽ ഓടിക്കാൻ പരിശീലനം ലഭിച്ച ഡ്രൈവർമാർ ഇല്ലാത്തതാണ് 6.30ന് പോകേണ്ട ബസ് വൈകാൻ കാരണമത്രെ. ഒരു ട്രിപ് കഴിഞ്ഞുവരുന്ന ഡ്രൈവർമാരെ തന്നെ അടുത്ത ട്രിപ്പിലും പേകാൻ നിർബന്ധിക്കുന്നതായും പരാതി ഉയർന്നു. 14 ബസുകളുടെ ഷെഡ്യൂളിനു പകരം 24 ബസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കോഴിക്കോടുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം ബസ് എട്ടര മണിക്കൂർകൊണ്ട് എത്തേണ്ടതാണ്. എന്നാൽ, 11 മണിക്കൂറിലേറെ എടുത്താണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.