നിപ: ഐസൊലേഷനിലുള്ളവർക്ക് ആശ്വാസമായി ഇ-സഞ്ജീവനി
കോഴിക്കോട്: ഐസൊലേഷനിലുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും സര്‍ക്കാറിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇ-സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒ.പി ആരംഭിച്ചിട്ടുണ്ട്.
രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഇ-സഞ്ജീവനി നിപ ഒ.പി സേവനം ലഭ്യമാവുക. സമ്പര്‍ക്ക പ്പട്ടികയില് ഉൾപ്പെട്ടവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണം. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം.
ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടിലിരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി. ഒ.പിക്കുപുറമെ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി ഒ.പി സേവനങ്ങള്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്.
ഇതുകൂടാതെ ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ് ആൻഡ് സ്പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളജുകളില്‍ പോകാതെതന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും എല്ലാ സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങളും ലഭ്യമാകും.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം ?
ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ക്ക് https://esanjeevani.mohfw.gov.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=hied.esanjeevaniabopd.com മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ വേണം.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപ്പോ ടാബോ ഉണ്ടെങ്കില്‍ https://esanjeevani.mohfw.gov.in എന്ന സൈറ്റില്‍ പ്രവേശിക്കാം. തുടർന്ന് patient എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം പ്രസ്തുത വ്യക്തികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക.
അതിനു ശേഷം consult now എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന ഒപ്ഷനില്‍ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക. തുടർന്ന് സേവ് ആൻഡ് നെക്സ്റ്റ് എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്യുകയും നിങ്ങള്‍ രേഖപ്പെടുത്തിയ രോഗലക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുക.
തുടര്‍ന്ന് വലതു വശത്തെ ആരോമാർക്കില്‍ ക്ലിക്ക് ചെയ്ത ശേഷം query option നിര്‍ബന്ധമായും ഫില്‍ ചെയ്യുക. അടുത്തതായി വരുന്ന Within state only എന്ന ഒപ്ഷൻ കൊടുത്ത് OPD സെലക്ട് ചെയ്യുക. തുടര്‍ന്ന് ഡോക്ടറെ സെലക്ട് ചെയ്ത് കാള്‍ ചെയ്ത ശേഷം കണ്സള്ട്ടേഷന് പൂര്‍ത്തിയാക്കാം. ഒ.പി കണ്സള്ട്ടേഷന് പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാം.
കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘം സാമ്പിളുകൾ ശേഖരിച്ചു
കോഴിക്കോട്: നിപ പ്രതിരോധ പഠന നടപടികളുടെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സർക്കാറിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം മൂന്നാം ദിനവും സാമ്പിൾ ശേഖരിച്ചു. ജില്ലയിലെ നഗര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രോഗ ബാധിത പ്രദേശങ്ങളിൽനിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്.
കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റി ഡീൻ ഡോ. പി.കെ. നമീറിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ഫോറസ്റ്റ് വകുപ്പിന്റെയും സഹകരണത്തോടെയാണ് സാമ്പിൾ ശേഖരണം നടന്നത്.പട്ടി, പൂച്ച, കാട്ടുപന്നി, വവ്വാൽ എന്നിവയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.
ശേഖരിച്ച സാമ്പിളുകൾ തുടർ പരിശോധനകൾക്കായി ഭോപാലിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് പ്രത്യേക ദൂതൻ മുഖേന അയക്കുമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ അറിയിച്ചു. നിപ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന രോഗബാധയെ നേരിടുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.