പത്തനംതിട്ട: തോൽക്കാൻ മടിച്ചുനിന്ന പ്ലാസ്റ്റിക്ക് റോഡിൽ അലിയുന്നു. ജില്ലയിൽ ഒരുവർഷത്തിനിടെ 5054 കിലോ പ്ലാസ്റ്റിക്കാണ് റോഡ് നിർമാണത്തിന് ഉപയോഗിച്ചത്. പ്ലാസ്റ്റിക് പൊടിച്ച് ടാറിനൊപ്പം ചേർത്താണു നിർമാണം. സംസ്കരിക്കാൻ കഴിയാത്തതും കത്തിച്ചാൽ അർബുദം അടക്കമുള്ളവയിലേക്ക് വഴിതുറക്കുന്നതുമായ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കാണ് റോഡിൽ അലിഞ്ഞു ചേരുന്നത്. ഒരു വർഷത്തിനിടെ ജില്ലയിൽ അഞ്ചു ഗ്രാമീണ റോഡുകളാണ് പ്ലാസ്റ്റിക്ക് ചേർത്ത് ടാർ ചെയ്തത്. കോട്ടയം ജില്ലയിലെ രണ്ടു റോഡും പത്തനംതിട്ടയിൽനിന്നുള്ള ഒരു റോഡും പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചു.
ക്ലീൻ കേരള കമ്പനിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക് ശേഖരിച്ച് തരികളാക്കി ടാറിങ്ങിന് നൽകുന്നത്. വീടുകളിൽനിന്ന് ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനി നിശ്ചിത തുക നൽകിയാണ് ഏറ്റെടുക്കുന്നത്. സംസ്കരിക്കുന്ന പ്ലസ്റ്റിക്കിന്റെ 80 ശതമാനമാണ് ടാറിങ് മിശ്രിതമായി ലഭിക്കുക. ഇത് കണക്കിലെടുക്കുമ്പോൾ ഇതു വരെ ഇല്ലാതാക്കിയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് ഏറെ ഉയരും.
ബിറ്റുമിനിൽ എട്ട് ശതമാനംവരെ പ്ലാസ്റ്റിക് മിശ്രിതമാണ് ചേർക്കുക. റോഡ് നിർമിക്കുമ്പോൾ ഏറ്റവും അടിത്തട്ടിലുള്ള പാളിയിലാണ് പ്ലാസ്റ്റിക് ടാറിങ് നടത്തുക. അതിനു മുകളിൽ ബിറ്റുമിൻ മക്കാഡവും ബിറ്റുമിൻ കോൺക്രീറ്റും ഉപയോഗിക്കും. ഇത്തരത്തിൽ ടാർ ചെയ്യുന്ന റോഡുകൾ മൂന്നു മുതൽ അഞ്ചു വർഷംവരെ കൂടുതൽ നിലനിൽക്കുമെന്നും പെട്ടെന്ന് തകരില്ലെന്നും ക്ലീൻ കേരള കമ്പനി അധികൃതർ പറയുന്നു.
നിലവിൽ ഗ്രാമീണ റോഡുകളിലാണ് ഇവ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ രംഗത്തെത്തിയാൽ വലിയതോതിൽ പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ റോഡ് നിർമാണത്തിൽ 10 ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടിരുന്നു
• ഏഴംകുളം- കൈപ്പട്ടൂർ
• തെങ്ങുവിളപടി-വല്ല്യകുളം
• ഇളങ്കമംഗലം- പടിഞ്ഞാറെത്തുണ്ടത്തിൽ
• ആറാംമൈൽ കടമ്പനാട് ക്ഷേത്രം
• വൈക്കത്തില്ലം- ഗണപതിപറമ്പിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.