കോഴിക്കോട്ടെ ഹരിതകർമ സേനാംഗങ്ങൾ
കോഴിക്കോട്: പുഴകൾ നന്നായ് ഒഴുകട്ടെ, ചെടികൾ നന്നായ് തളിർക്കട്ടെ, നല്ല വായു ശ്വസിക്കട്ടെ, നല്ല തെരുവുകൾ ഉദിക്കട്ടെ, നടപ്പ് രീതികൾ മാറട്ടെ, മനുഷ്യരുള്ളോരിടങ്ങളെല്ലാം ശുചിത്വസുന്ദരമാകട്ടെ... അഴകാർന്ന നഗരം സ്വപ്നം കാണുന്ന കോഴിക്കോട് കോർപറേഷന്റെ ആപ്തവാക്യമാണിത്. ഈ സ്വപ്നത്തിലേക്ക് നഗരത്തെ മാറ്റിയെടുക്കുകയാണ് ഹരിത കർമസേനയെന്ന ജനകീയ കൂട്ടായ്മ.
ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് നാടിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ് ഹരിതകർമസേന. അവർ നഗരവാസികളെ മാത്രമല്ല പരിസ്ഥിതിനാശഭീഷണിയിൽ നിന്ന് ഈ ഭൂമിയേയും കാക്കുന്നവരാണ്. 598 സ്ത്രീകളും 108 പുരുഷന്മാരുമടങ്ങുന്ന ഈ സേന നഗരജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എല്ലാ മാസവും കൃത്യമായി നഗരത്തിലെ 75 വാർഡുകളിലും സേനാംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നു.
വൃത്തിയാക്കിവേണം പ്ലാസ്റ്റിക് സേനക്ക് കൈമാറേണ്ടത് എന്നാണ് നിർദേശമെങ്കിലും അത് പാലിക്കപ്പെടുന്നില്ല. കോഴിക്കോട് നഗരവാർഡുകളിൽ നിന്ന് ഒരു മാസം സേന ശേഖരിക്കുന്നത് ശരാശരി 240 ടൺ മാലിന്യമാണ്. ഇതിൽ കൂടുതലും പ്ലാസ്റ്റിക് ആണ്. തുണി, കുപ്പിച്ചില്ല്, റബർ, ടയർ, മരുന്ന് തുടങ്ങിയ മാലന്യങ്ങളെല്ലാം ശേഖരിച്ച് അഴക് പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ഹരിത കർമസേനയുടെ സേവനം പ്രധാനമാണ്.
മാലിന്യമെടുക്കാൻ വരുന്നവരോട് മാന്യമല്ലാതെ പെരുമാറുന്നവർ സമൂഹത്തിൽ ഇപ്പോഴുമുണ്ട്. വേറെ എന്തിനും വാരിക്കോരി പണം ചെലവഴിക്കുന്നവർ പോലും മാലിന്യം നീക്കം ചെയ്യാനെത്തുന്നവർക്ക് നൽകുന്ന പണത്തിന് വലിയ കണക്കു പറയുന്നു. പെരുമഴയിലും പൊരിവെയലിലും നാടിന്റെ ശുചിത്വം ഉറപ്പുവരുത്താൻ പാടുപെടുന്നവർ ബഹുമാനമർഹിക്കുന്നുണ്ട്. അവരെ ബഹുമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിന്റെ അടയാളമാണ്.
മാലിന്യശേഖരണത്തിന് ‘ഫുൾ സെറ്റപ്പ്’ കിട്ടിയതോടെ അഭിമാനത്തോടെ അവർ ജോലി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഓരോ സേനാംഗത്തിനും മൂന്ന് സെറ്റ് യൂനിഫോം, സോപ്, വാട്ടർ ബോട്ടിൽ, ബാഗ്, ഗ്ലൗസ്, മാസ്ക്, ഹാൻഡ് വാഷ് , തൊപ്പി, മഴക്കോട്ട് എന്നിവ നഗരസഭ നൽകുന്നു.
ഇതെല്ലാം ധരിച്ച് മാലിന്യമെടുക്കാൻ അഴകോടെ അവരെത്തിത്തുടങ്ങിയപ്പോൾ ആളുകളുടെ മനോഭാവത്തിലും മാറ്റം വന്ന് തുടങ്ങി. മാഡം, സാർ എന്നെല്ലാം അവരെ അഭിസംബോധന ചെയ്താൽ അതുമാത്രം മതി അവരുടെ മനസ് നിറയാൻ.
ഏത് ഊടുവഴിയിലൂടെയും ഓടിച്ചുപോകാവുന്ന ഇ. ഓട്ടോകൾ ഹരിതകർമസേനക്കുണ്ട്. ഓരോ വാർഡിനും ഒരു വണ്ടിയും നാല് വീതം സേനാംഗങ്ങളുമുണ്ടാവും ഒപ്പം ഒരു ഡ്രൈവറുമുണ്ടാവും. ശരാശരി രണ്ടായിരം വീടുകൾ ഓരോ വാർഡിലുമുണ്ടാവും. ഓരോ മേഖല തിരിച്ചാണ് ഇവർ മാലിന്യം ശേഖരിക്കാൻ വീടുകളിലെത്തുന്നത്.
മാസത്തിൽ ഒരു ദിവസം ഇവർ എല്ലാ വീടകളിലുമെത്തുന്നു. രാവിലെ എട്ട് മുതൽ മൂന്ന് മണിവരെയാണ് ജോലി സമയം. 700 രൂപയാണ് ഇവർക്ക് കൂലി. മാസം 24 പ്രവൃത്തിദിവസം. മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് നൽകുന്നു.
പ്ലാസ്റ്റിക് കവറുകൾക്ക് നിയന്ത്രിത നിരോധനം നിലവിലുണ്ടെങ്കിലും ഒരുവിധമെല്ലാ ഉൽപന്നങ്ങളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവരാൻ തുടങ്ങിയതോടെ പരിസ്ഥിതി വലിയ ഭീഷണി നേരിടുകയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി മറികടക്കാനുള്ള ആധുനിക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ട്.
ഹരിത കർമസേനയെ ശക്തിപ്പെടുത്തുന്ന പുതിയ പദ്ധതികൾ ആലോചനയിലാണെന്ന് കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ഡോ. എസ്. ജയശ്രീ മാധ്യമത്തോടു പറഞ്ഞു. കൂടുതൽ പേർക്ക് തൊഴിലവസരം നൽകുന്നതോടൊപ്പം നാടിന്റെ ശുചിത്വവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.