കോഴിക്കോട് മെഡിക്കൽ കോളജ് ജങ്ഷനിൽ ബസുകൾ കയറ്റാത്ത ബസ്ബേ
കോഴിക്കോട്: മെഡിക്കൽ കോളജ് ജങ്ഷനിൽ മാവൂർ ഭാഗത്തേക്കുള്ള ബസ് ബേയുടെ കട്ടവിരിക്കൽ അടക്കം ഏകദേശം പണികൾ പൂർത്തിയായിട്ടും ബസുകൾ നിർത്തി ആളുകളെ ഇറക്കുന്നതും കയറ്റുന്നതും നടുറോഡിൽ തന്നെ. കൈവരി പിടിപ്പിക്കൽ, ട്രാഫിക് സിഗ്നനലുകൾ അടയാളപ്പെടുത്തൽ എന്നിവ മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നിട്ടും ബസുകളെ ബസ് ബേയിൽ കയറ്റാൻ നടപടിയായിട്ടില്ല.
ബസ് ബേക്ക് മുന്നിലായി ആംബുലൻസ് നിർത്തിയിടുകയും ചെയ്യുന്നുണ്ട്. ബസ് ബേയുടെ മുൻവശത്ത് റോഡരികിലായി മാർക്ക് ചെയ്ത് സ്ഥലത്താണ് ആംബുലൻസുകൾ നിർത്തിയിടുന്നത്. പി.ഡബ്ല്യു.ഡി അനുവാദത്തോടെയാണ് തങ്ങൾ സ്ഥലം മാർക്ക് ചെയതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു.10 ആംബുലൻസുകളാണ് ഇവിടെ നിർത്തിയിടുന്നത്. അവശേഷിക്കുന്ന സ്ഥലം സ്വകാര്യ വാഹനങ്ങളും കൈയടക്കിയതോടെ ബസുകൾ ഇപ്പോഴും നടുറോഡിൽതന്നെയാണ് പാർക്ക് ചെയ്യുന്നത്. രണ്ട് ബസ് ഷെൽട്ടറുകൾ ഉള്ള ബസ് ബേയിൽ ആശുപത്രിയിൽ നിന്നെത്തുന്ന രോഗികളും മറ്റ് യാത്രക്കാരും സമീപത്തെ മൂന്ന് സ്കൂളുകളിൽ നിന്നും കോളജിൽ നിന്നുമുള്ള വിദ്യാർഥികളും എത്തുന്നതോടെ വൻ തിരക്കാണ് അനുഭവപ്പെടുക. ഇവിടെ ബസ് ബേയ്ക്ക് മുന്നിൽ ആംബുലൻസ് നിർത്തിയിട്ടാൽ ബസുകൾക്ക് ബസ് ബേയിലേക്ക് കയറാൻ ബുദ്ധിമുട്ടാവുമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, അടയാളപ്പെടുത്തിയ സ്ഥലത്ത് ആംബുലൻസുകൾ നിർത്തുന്നതിൽ കോർപറേഷന് അനുകൂല നിലപാടാണ്. താൽക്കാലികമായി നിലവിലെ അവസ്ഥ തുടരട്ടെ എന്നാണ് കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ തീരുമാനമായത്. ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഉദ്ഘാടത്തിന് ശേഷം തീരുമാനം എടുക്കുമെന്നായിരുന്നു വാർഡ് കൗൺസിലറുടെ മറുപടി. ബസ്ബേ ഉദ്ഘാടനത്തിന് മന്ത്രിയുടെ തിയതി കിട്ടാൻ കാത്തിരിക്കുയാണത്രെ. നിലവിൽ ബസുകൾ നടുറോഡിൽ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ജങ്ഷനിൽ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. 40 വർഷത്തോളമായി തങ്ങൾ ഇവിടെയാണ് പാർക്ക് ചെയ്യുന്നതെന്നും അത് തുടരാൻ ആനുവദിക്കണമെന്നുമാണ് ആംബുലൻസ് ഡ്രൈവർമാരുടെ ആവശ്യം.
ഇത് അപകടത്തിനിടയാക്കുമെന്ന് കാണിച്ച് രാഷ്ട്രീയ- സാംസ്കാരിക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആംബുലൻസുകൾ റോഡരികിൽതന്നെ പാർക്ക് ചെയ്യണമെന്നില്ലെന്നും അവർക്ക് സൗകര്യപ്രദമായ മറ്റു സ്ഥലങ്ങൾ കണ്ടെത്താവുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ, ഇന്റർലോക്ക് പാകി സൗകര്യപ്പെടുത്തിയപ്പോൾ ബസ്ബേ അങ്ങോട്ട് മാറ്റുമെന്നും മഴയും വെയിലും കൊള്ളാതെ ബസ് കാത്തിരിക്കാനുള്ള സംവിധാനം ഒരുങ്ങുമെന്നുമുള്ള പ്രതീക്ഷയാണ് തെറ്റിയത്. ഇനി കണ്ണായ ഈ സ്ഥലം പരസ്യ മാഫിയകൾക്ക് ബോർഡുകൾ സ്ഥാപിക്കാൻ കോർപറേഷൻ തീറെഴുതുമോ എന്ന ആശങ്കയും പരിസരവാസികളും യാത്രക്കാരും പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.