മെഡിക്കൽ കോളജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനസജ്ജം
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഇടുങ്ങിയ ഭാഗത്ത് പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗം ഇനി വിശാലമായ കെട്ടിടത്തിൽ പ്രവർത്തിക്കും. മെഡിക്കൽ കോളജിൽ പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി (പി.എം.എസ്.എസ്.വൈ) പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 195 കോടി ഫണ്ട് ഉപയോഗിച്ച് പണിത ഏഴുനില അത്യാഹിത വിഭാഗം സമുച്ചയമാണ് ശനിയാഴ്ച നാടിന് സമർപ്പിക്കുക.
ശനിയാഴ്ച വൈകീട്ട് 5.30ന് അറോറ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി വീണ ജോർജ്, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ എന്നിവരും പങ്കെടുക്കും.
16,263 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക അത്യാഹിത വിഭാഗം, തിയറ്റർ കോംപ്ലക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന കെട്ടിടമാണ് ഒരുങ്ങിയത്. അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. 430 കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്.
എം.ആര്.ഐ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന താഴെ നിലയിൽതന്നെയുണ്ടാകും. ലാബ്, ഇ.സി.ജി, സ്കാനിങ് എന്നിവയുമുണ്ട്. അത്യാഹിത വിഭാഗത്തില്‍ ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങിയവക്ക് കൂടുതൽ അടിസ്ഥാന സൗകര്യവുമുണ്ടാകും. കുറേ സംവിധാനങ്ങൾ പുതിയ കെട്ടിടത്തിൽനിന്ന് മാറുന്നതോടെ പ്രധാന കെട്ടിടത്തിൽ കൂടുതൽ ഇടമാവും. റോഡപകടങ്ങളിലും മറ്റും ഗുരുതര പരിക്കേറ്റ് എത്തുന്നവരെ ചികിത്സിക്കുന്നതിനായി ട്രോമ കെയർ ആശുപത്രിയും കോംപ്ലക്സിന് സമീപം ഒരുക്കാൻ ഭരണാനുമതി കിട്ടിയിട്ടുണ്ട്.
യാഥാർഥ്യമായത് 2011ൽ ആലോചന തുടങ്ങിയ കെട്ടിടം
2011ൽ ആദ്യഘട്ട ചർച്ച തുടങ്ങിയ കെട്ടിടമാണിപ്പോൾ യാഥാർഥ്യമായത്. 2013ൽ കെട്ടിടത്തിന് അനുമതി ലഭിച്ചു. 2016ൽ പഴയ ലേഡീസ് ഹോസ്റ്റൽ പൊളിച്ചുമാറ്റി ആ സ്ഥലത്ത് 2017ൽ കെട്ടിടം പ്രവൃത്തി ആരംഭിച്ചു. 2018ൽ മെഡിക്കൽ കോളജിൽ പുതുതായി നിർമിക്കുന്ന ഒരോ കെട്ടിടത്തിനും പ്രത്യേക മലിന ജല സംസ്കരണ പ്ലാന്റ് വേണമെന്ന് സീറോ- വേസ്റ്റ് മെഡിക്കൽ കോളജ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ പണിയും ഇപ്പോൾ പൂർത്തിയായതായി സീറോ- വേസ്റ്റ് മെഡിക്കൽ കോളജ് കമ്മിറ്റി കോഓഡിനേറ്റർ സത്യൻ മായനാട് അറിയിച്ചു. കോവിഡ് കാലത്ത് ജില്ലാ കോവിഡ് ആശുപത്രിയായി കെട്ടിടം പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.