മേപ്പയ്യൂർ: കീഴരിയൂർ, തുറയൂർ, മേപ്പയ്യൂർ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന തങ്കമലയെ പൊട്ടിച്ചും തുരന്നും നശിപ്പിച്ചു. ദേശീയപാത നിർമാണത്തിന്റെ പേരു പറഞ്ഞാണ് ഒരു നാടിനെ മൊത്തം തുടച്ചുനീക്കുന്നത്. റോഡ് നിർമിക്കാൻ മണ്ണും കല്ലും വേണമെങ്കിലും ഒരു നാടിനെ പൂർണമായി തകർത്തുകൊണ്ടുള്ള വികസനം അപകടകരമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ ഓരോ ദിവസം 100 ലോഡ് മണ്ണും കല്ലുമാണ് കയറ്റി പോകുന്നത്.
തങ്കമല ക്വാറിക്കും ക്രഷറിനുമെതിരെ നിരവധി സമരങ്ങളാണ് നാട്ടുകാർ നടത്തിയത്. പിന്തുണയുമായി എല്ലാ രാഷ്ട്രീയ കക്ഷികളും തങ്കമല കയറാറുണ്ടായിരുന്നു. എന്നിട്ടും തങ്കമല തകർക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. ദേശീയപാത നിർമിക്കുന്ന വാഗാഡ് ക്വാറി ഏറ്റെടുത്തതോടെയാണ് അധികൃതർ മൗനത്തിലായത്. ഇപ്പോൾ കല്ലു മാത്രമല്ല മണ്ണും ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.
പൊടി ശല്യവും ശബ്ദശല്യവും കാരണം സമീപപ്രദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിലാണ്. കൂടാതെ പല വീടുകൾക്കും വിള്ളൽ വീണിറ്റുണ്ട്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ സമീപത്തെ ജലസ്രോതസുകളും മലിനമാക്കി. ശബ്ദമാലിന്യം കാരണം കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നില്ലെന്നും രോഗികൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നും പരിസര വാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഒരേസമയം, യഥേഷ്ടം കല്ലും മണ്ണും കടത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർത്ത് ഒരു പ്രദേശത്തിന്റെ സ്വൈര്യ ജീവിതത്തിന് മുകളിൽ മരണമണി മുഴക്കുന്നവരെ നാട് ഒറ്റക്കെട്ടായി തുരത്തണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.