കോഴിക്കോട്: കോഴിക്കോട് താലൂക്ക് സപ്ലൈസ് ഓഫിസ് പരിധിയിൽ നിന്നുള്ള റേഷൻ കാർഡിൽനിന്ന് യുവതിയെയും രണ്ടും പെൺമക്കളെയും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വെട്ടിമാറ്റിയ സിവിൽ സപ്ലൈസ് നടപടി റദ്ദ് ചെയ്ത് സംസ്ഥാന ഭക്ഷ്യ കമീഷൻ.
താനും ഭർത്താവും തമ്മിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭർത്താവിന്റെ അപേക്ഷയിൽ റേഷൻ കാർഡിൽനിന്ന് കാർഡ് ഉടമയായ തന്റെയും രണ്ടു പെൺമക്കളുടെയും പേര് വെട്ടിമാറ്റുകയും കാർഡ് ഭർത്താവിന്റെ പേരിലേക്ക് മാറ്റിയെന്നുമായിരുന്നു പരാതി. പേര് വെട്ടിമാറ്റുന്നതിനുമുമ്പ് ഹരജിക്കാരിയോട് വിശദീകരണം തേടിയിരുന്നില്ല.
റേഷനിങ് ഇൻസ്പെക്ടർ മുഖേന അന്വേഷണം നടത്തിയെന്നും ഹരജിക്കാരിയും മക്കളും സിറ്റി റേഷനിങ് ഓഫിസ് നോർത്തിന്റെ പരിധിയിൽ മാതാപിതാക്കളോടൊപ്പമാണ് തമാസിക്കുന്നതെന്നു കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് റേഷൻ കാർഡിൽനിന്ന് മൂവരുടെയും പേര് വെട്ടിമാറ്റിയത്.
ഇതിനെതിരെ സിവിൽ സപ്ലൈസ്, ജില്ല സപ്ലൈ ഓഫിസർ, ഡെപ്യൂട്ടി കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ജില്ല കലക്ടർക്ക് വക്കീൽ നോട്ടീസ് അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. ജില്ല പരാതിപരിഹാര ഓഫിസർ പരാതി നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ഇ
തിനിടെ ഭർത്താവുമായി അകന്നുകഴിയുന്നതുകൊണ്ടോ വിവാഹമോചന കേസ് നടക്കുന്നതുകൊണ്ടോ ദമ്പതിമാരിൽ ഒരാളെ റേഷൻ കാർഡിൽനിന്ന് നീക്കംചെയ്യില്ല എന്ന പൊതുവിതരണ വകുപ്പിന്റെ വിവരാവകാശ മറുപടി ലഭിച്ചു.
നിയമ പോരാട്ടം ഏറെ സമയമെടുക്കുമെന്നതിനാൽ ഹരജിക്കാരി അഭിഭാഷകൻ മുഖേന ഭക്ഷ്യ കമീഷനെ സമീപിക്കുകയും ചെയർമാൻ ജിനു സക്കറിയ ഉമ്മനെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഹരജിക്കാരിക്കും മക്കൾക്കും നീതി ലഭിച്ചത്.
വെട്ടിമാറ്റപ്പെട്ട കാർഡിലേക്ക് ഹരജിക്കാരിയുടെയും മക്കളുടെയും പേര് ഉൾപ്പെടുത്താനും ഉടമസ്ഥാവകാശം ഹരജിക്കാരിയുടെ പേരിൽ പുനഃസ്ഥാപിക്കാനും കമീഷൻ നിർദേശിച്ചു. റേഷൻ കാർഡ് ലഭിച്ചതിനു ശേഷം ഹരജിക്കാരിക്ക് നിലവിൽ താമസിക്കുന്ന സ്ഥലത്തേക്ക് കാർഡ് മാറ്റാം. പേരുമാറ്റുന്നതിൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.