കോഴിക്കോട്: ഡീസലടിക്കാൻ കാശില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ നാല് വാഹനങ്ങൾ കട്ടപ്പുറത്ത്. ആവശ്യത്തിന് ഉദ്യോഗസ്ഥരുണ്ടായിട്ടും റോഡ് പരിശോധനക്കിറങ്ങാൻ വാഹനമില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് പണിയില്ലാത്ത അവസ്ഥയാണ്. ഒന്നരമാസത്തോളമായി ഇന്ധനം മുടങ്ങിയിരിക്കുകയാണ്.
മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ആറു വാഹനമാണുള്ളത്. ഇതിൽ രണ്ടെണ്ണം ഇലക്ട്രിക് വാഹനമാണ്. ഇലക്ട്രിക് വാഹനത്തിന് അധികനേരം ചാർജ് ലഭിക്കാത്തതിനാൽ ദീർഘദൂര പരിശോധ നടത്താനും കഴിയാത്ത അവസ്ഥയാണ്. റോഡിൽ നിരവധി വാഹന ലംഘനങ്ങൾ നടക്കുമ്പോഴും നോക്കിനിൽക്കേണ്ട അവസ്ഥയാണ് മോട്ടോർ വാഹന വകുപ്പിന്. ഇതിനിടെ ‘പിഴ ടാർഗറ്റ്’ കൈവരിക്കാത്തതിന് ഉദ്യോഗസ്ഥർക്ക് മെമോയും കിട്ടിയിരിക്കുകയാണ്. കൂടുതൽ വാഹന പരിശോധന നടത്താൻ കഴിയാത്തതിനാൽ കിട്ടിയ വാഹനങ്ങൾ പരമാവധി പിഴ ചുമത്തുന്ന ഏർപ്പാടിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
കൂടുതൽ പിഴ ചുമത്തുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് സർവിസിൽ പ്രധാന ഘടകമാകുമ്പോൾ വാഹനമില്ലാതെ എങ്ങനെ പരിശോധന സാധ്യമാകുമെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. നാലു വാഹനം വേണ്ട കോഴിക്കോട് ആർ.ടി.ഒ ഓഫിസിന് രണ്ടു വാഹനങ്ങളാണുള്ളത്. അതിന് ഡീസലടിക്കാൻ കഴിയുന്നുണ്ട്. ഒരേ വകുപ്പിൽ രണ്ടമ്മനയം ഉദ്യോഗസ്ഥരുടെ മനോവീര്യവും കെടുത്തി. ടാർഗറ്റ് തികക്കാൻ സ്വന്തം വാഹനത്തിൽ പരിശോധനക്കിറങ്ങേണ്ട ഗതികേടിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.