കോഴിക്കോട്: നഗരപരിധിയിലെ 19,800 ലേറെ കെട്ടിടങ്ങളുടെ രേഖകളിൽ വ്യക്തത വരാനുണ്ടെന്ന് കണക്ക്. നേരത്തെ നമ്പറുണ്ടായിരുന്നതും പിന്നീട് അവ കൃത്യമല്ലാതെയുമായ 47,500 കെട്ടിടങ്ങളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
കെ-സ്മാർട്ടിലേക്ക് ഡേറ്റ അപ് ലോഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടികൾ. നേരത്തെയുണ്ടായിരുന്ന സഞ്ചയ സോഫ്റ്റ് വെയറിൽ കെട്ടിട നമ്പറുണ്ട്. കെ-സ്മാർട്ടിലേക്ക് മാറ്റുമ്പോൾ കെട്ടിടങ്ങളുടെ വിവരങ്ങൾ കൃത്യമായി ചേർക്കണം. കെട്ടിടമില്ലാതെ നമ്പർ മാത്രമായിട്ടുള്ള വിവരങ്ങൾ കോർപറേഷൻ ഡേറ്റയിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം. 75 വാർഡുകളിൽനിന്ന് കണക്കുകൾ ശേഖരിക്കുന്നത് തുടരുന്നു.
19,080 കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായാണ് കണക്ക്. ഇതിൽ 12,737 എണ്ണം പൂർണമായി പൊളിച്ചതാണ്. ഇതിനുപുറമെ 5,502 കെട്ടിടങ്ങൾ പൊളിച്ചതായി വിവിധ വാർഡ് കമ്മിറ്റികളും കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥ തലത്തിലുള്ള പരിശോധന ഇക്കാര്യത്തിൽ ഇനിയും നടക്കണം. വ്യക്തത വരാൻ ബാക്കിയുള്ള 19,800ലേറെ കെട്ടിടങ്ങൾ ഇനിയും പരിശോധിക്കണം. കോർപറേഷന്റെ മുഖ്യ ഓഫിസ് പരിധിയിലുള്ളവയാണ് ഈ കെട്ടിടങ്ങളെല്ലാമെന്നാണ് കണ്ടെത്തിയത്.
ഈ മാസം തന്നെ പരിശോധന തീർക്കാനാണ് ശ്രമം. നേരത്തേ സർക്കാർ മേയ് 31നകം പരിശോധന തീർക്കാൻ നിർദേശിച്ചെങ്കിലും പിന്നീട് കാലാവധി നീട്ടുകയായിരുന്നു.
കോർപറേഷന്റെ ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ മേഖലാ ഓഫിസുകൾക്കുകീഴിലും പരിശോധന നടക്കുന്നു. വാർഡ് കമ്മിറ്റി, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥരുടെ ലഭ്യതക്കുറവ് പരിശോധനക്ക് തടസ്സമാണെന്ന് അധികൃതർ പറഞ്ഞു.
വലിയങ്ങാടിപോലെ നഗര ഹൃദയത്തിലെ വാർഡുകളിൽ ഒന്നിൽക്കൂടുതൽ തവണ കമ്മിറ്റി ചേർന്ന് മാത്രമേ പരിശോധന പൂർത്തിയാക്കാനാവൂവെന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.