ഊർക്കടവ് വയലിൽ മഴയിൽ നശിച്ച വാഴകൃഷി
കോഴിക്കോട്: രണ്ടാഴ്ചയോളം നീണ്ട കനത്തമഴയിൽ ജില്ലയിൽ വ്യാപകനാശം. വിവിധ ഭാഗങ്ങളിലായി ഏഴു കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതിന് പുറമെ 80 വീടുകളും തകർന്നു. നാശം സംഭവിച്ച വീടുകളിൽ 12 എണ്ണം ഒട്ടും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
ഇരുനൂറോളം വീടുകളിലാണ് വെള്ളം കയറിയത്. റവന്യൂവകുപ്പിന്‍റെ കണക്കുകൾ പ്രകാരം വടകര താലൂക്കിലാണ് കൂടുതൽ വീടുകൾ തകർന്നത്. സമീപത്തെ മരങ്ങൾ കടപുഴകിയാണ് മിക്ക വീടുകൾക്കും നാശം. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാടുണ്ട്. മണ്ണിടിച്ചിലടക്കം ഭീഷണി മുൻനിർത്തി പലഭാഗത്തും കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചതാണ് ആശ്വാസമായത്.
കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്ക് പ്രകാരം ജൂലൈ ഒന്നുമുതൽ 12വരെ 6,97,45,000 രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 4526 കർഷകരുടെ 220.48 ഹെക്ടറിലെ കൃഷി മഴയിൽ നശിച്ചു. പലഭാഗത്തും കണക്കെടുപ്പ് തുടരുന്നതിനാൽ നഷ്ടം പത്തു കോടിയോളവും നഷ്ടം നേരിട്ട കർഷകരുടെ എണ്ണം അയ്യായിരവും കവിയുമെന്നാണ് സൂചന. ചെറിയ കൃഷിനാശം കർഷകർ കൃഷി ഓഫിസുകളിൽ അറിയിച്ചിട്ടുമില്ല.
മാവൂരിലെയും സമീപ പ്രദേശങ്ങളിലെയും വാഴക്കർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 62.30 ഹെക്ടറിലെ 78,185 കുലച്ച വാഴ നശിച്ച ഇനത്തിൽ മാത്രം 4,69,11,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
കുല വരാത്ത 28.37 ഹെക്ടറിലെ 21,508 വാഴകളും വെള്ളം കയറി നശിച്ചു. 86.03 ലക്ഷമാണ് ഈ ഇനത്തിലെ നഷ്ടം. ഒരു കോടിയിലധികം രൂപയുടെ നാളികേര കൃഷിയും നശിച്ചവയിൽപെടും. അടക്ക, കുരുമുളക്, റബർ എന്നീ വിളകൾക്കും വ്യാപകനാശമുണ്ടായി. മൂന്ന് ലക്ഷത്തോളം രൂപയുടെ പച്ചക്കറികൃഷിയും നശിച്ചു. 6.100 ഹെക്ടറിലെ നെൽകൃഷി നശിച്ച് 50 കർഷകർക്ക് 9.15 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി.
മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ജില്ലയിലെ പുഴകൾ മിക്കതും കവിഞ്ഞനിലയിലാണ്. അതിശക്തമായ തിരമാലയടിക്കുന്നതിനാൽ കടലോരവാസികളുടെ ആശങ്കയും ഒഴിഞ്ഞിട്ടില്ല. ജാഗ്രതയുടെ ഭാഗമായി ജലാശയങ്ങളിലിറങ്ങുന്നതിന് ജില്ല ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ബ്ലോക്ക് ഹെക്ടർ കർഷകർ നഷ്ടം (ലക്ഷത്തിൽ)
ചേളന്നൂർ 113.85 405 39.78
കൊടുവള്ളി 8.72 438 60.57
പന്തലായനി 0.64 78 8.25
കോഴിക്കോട് 0.17 12 0.93
കുന്നുമ്മൽ 0.79 32 6.57
കുന്ദമംഗലം 27.57 503 256.86
പേരാമ്പ്ര 11.44 478 111.43
മേലടി 1.87 250 12.81
തോടന്നൂർ 14.30 274 51.23
തൂണേരി 2.78 255 35.15
ബാലുശ്ശേരി 10.24 538 40.04
വടകര 28.12 1263 73.82
ആകെ 220,49 4526 697.44
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.