വി​ഷ​ന്‍-2031 സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​ന​വും ന​യ​രേ​ഖ അ​വ​ത​ര​ണ​വും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

നി​ര്‍വ​ഹി​ക്കു​ന്നു

കേരളത്തെ പശ്ചാത്തല വികസന ഹബ്ബാക്കും -മന്ത്രി റിയാസ്

കോഴിക്കോട്: സംസ്ഥാനം 75ാം വര്‍ഷത്തിലേക്ക് കടക്കുന്ന 2031ല്‍ രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2031ല്‍ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി കേരളത്തെ ഉയര്‍ത്തും. വിഷന്‍ 2031ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് സെമിനാറില്‍ വകുപ്പിന്റെ വികസന നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കും. പദ്ധതി യാഥാർഥ്യമാക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരത്ത് പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതികൾ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ വികസന നേട്ടങ്ങൾ വകുപ്പ് സെക്രട്ടറി കെ ബിജു അവതരിപ്പിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, ഇ.കെ. വിജയൻ, പി.ടി.എ. റഹീം പങ്കെടുത്തു.

സ്മാര്‍ട്ട് ഡിസൈന്‍ റോഡുകള്‍

2031ഓടെ നൂറു ശതമാനം റോഡുകളും സ്മാര്‍ട്ട് ഡിസൈനിലുള്ള ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. സംസ്ഥാന പാതകള്‍ നാലുവരി ഡിസൈന്‍ റോഡായും പ്രധാന ജില്ല റോഡുകള്‍ രണ്ട് വരി ഡിസൈന്‍ റോഡായും ഘട്ടംഘട്ടമായി ഉയര്‍ത്തും. വാഹന ബാഹുല്യമുള്ള നഗരങ്ങളിൽ പ്രധാന പാതകളിൽ എലിവേറ്റഡ് ഹൈവേയും നിർമിക്കും. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്ടിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കും.കേരളത്തിന്റെ കാലാവസ്ഥ വെല്ലുവിളികള്‍ കണക്കിലെടുത്ത് ആധുനിക സാങ്കേതികവിദ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തും.

റോഡ് സേഫ്റ്റി സെല്‍ രൂപവത്കരിക്കും

സമഗ്ര റോഡ് സുരക്ഷ നയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍/ഹോസ്പിറ്റല്‍ മേഖലകളില്‍ ആധുനിക നടപ്പാലം, റോഡ് കാരിയേജ് വേ, എ.ഐ സാങ്കേതികവിദ്യയിലൂടെ റോഡ് സേഫ്റ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കും. റോഡ് സുരക്ഷ ഓഡിറ്റ് നടത്തുന്നതിന് എല്ലാ ജില്ലകളിലും റോഡ് സേഫ്റ്റി സെല്‍ രൂപവത്കരിക്കും. 144 റെയില്‍വേ മേല്‍പാലങ്ങള്‍ പണിയുക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Minister Riyas says Kerala will be made a hub for infrastructure development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.