നാദാപുരത്ത് അഞ്ചാംപനി പ്രതിരോധ പ്രവർത്തന ഉന്നതതല യോഗത്തിൽ ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ടി. മോഹൻദാസ് സംസാരിക്കുന്നു
നാദാപുരം: അഞ്ചാംപനി വ്യാപിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ കടുത്ത ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആറ്, ഏഴ്, 19 വാർഡുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആറ്, ഏഴ് വാർഡുകളിൽ നാലുവീതവും 19ാം വാർഡിൽ ഒരാൾക്കുമാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച്, ആറ്, എട്ട് വയസുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗബാധ സംശയിക്കുന്ന 22 കാരനെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.
പനി, ജലദോഷം, മൂക്കൊലിപ്പ്, ശരീരം മുഴുവൻ ചുവന്ന പാടുകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ഒരുവിധ കുത്തിവെപ്പും എടുക്കാത്ത ആറു പേരും ഭാഗിക കുത്തിവെപ്പ് മാത്രം എടുത്ത 340 പേരുമുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗസ്ഥിരീകരണം പുറത്തുവന്നതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ, ബോധവത്കരണം എന്നിവ ആരംഭിച്ചു. പ്രതിരോധ വാക്സിൻ നൽകാനുള്ള പ്രവർത്തനം ഊർജിതമാക്കാൻ ജില്ല കലക്ടറുടെ നിർദേശപ്രകാരം ജില്ല ആർ.സി.എച്ച് ഓഫിസർ ടി. മോഹൻദാസ്, ആശുപത്രി സൂപ്രണ്ട് ഡോ. ജമീല എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഇന്നലെ സ്ഥിതിഗതികൾ വിലയിരുത്തി.
സ്പെഷൽ ക്യാമ്പുകൾ നടത്തി വാക്സിനേഷൻ പ്രവർത്തനം ഊർജിതപ്പെടുത്താൻ നിർദേശം നൽകി. ഇതോടൊപ്പം പൊതുജനങ്ങൾക്ക് പ്രത്യേക മാർഗനിർദേശവും പുറത്തിറക്കി. രോഗബാധയുള്ളവരും ബന്ധുക്കളും യാത്രകൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക, രോഗബാധ സംശയിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ അയക്കാതിരിക്കുക എന്നിവ ഇതിൽപ്പെടുന്നു. പ്രതിരോധ വാക്സിൻ എടുക്കാൻ വീട്ടുകാരെ സഹകരിപ്പിക്കാൻ മഹല്ല് കമ്മറ്റികളുടെ സഹകരണം ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.
ഇതിനകം വാർഡുകളും ടൗണും കേന്ദ്രീകരിച്ച് മൈക്ക് പ്രചാരണം, നോട്ടീസ് വിതരണം എന്നിവ തുടങ്ങിയിട്ടുണ്ട്. രോഗം പടരാതിരിക്കാൻ വാർഡ് കേന്ദ്രീകരിച്ചുള്ള സുരക്ഷ മുൻകരുതലുകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. രോഗം ബാധിച്ചവരുമായി ബന്ധമുള്ളവർ ഇതര ജില്ലകളിൽ സന്ദർശനം നടത്തിയതായി വിവരം ലഭിച്ചതിനാൽ ഇവിടങ്ങളിൽ കരുതൽ നിർദേശം നൽകിയിട്ടുണ്ട്.
രോഗാവസ്ഥ കൂടിയാൽ താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡ് തുറക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. നാദാപുരം താലൂക്ക് ആശുപത്രിയിൽ നടന്ന യോഗത്തിൽ ലോക ആരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. സന്തോഷ് രാജഗോപാൽ നിർദേശങ്ങൾ നൽകി. കൂടാതെ അസുഖ ബാധിതരുടെ എണ്ണം വർദ്ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.