മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: മരംമുറിയും ബാക്കി നടപടികളും ഉടൻ പൂര്‍ത്തീകരിക്കും

കോഴിക്കോട്: അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുള്‍പ്പെട്ട കോളനികളിലെ പ്രവൃത്തികള്‍ കാര്യക്ഷമമായി നടത്തുന്നതിന് പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥരെയും എം.എല്‍.എമാരെയും വിളിച്ചുചേര്‍ത്ത് പ്രത്യേകയോഗം ചേരുമെന്ന് ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി. കലക്ടറേറ്റ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ഡബ്ല്യു.ഡി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മരമില്ലുകളിലെ മരങ്ങള്‍ റോഡരികുകളിലേക്ക് ഇടുന്നത് ട്രാഫിക്കിനെ ബാധിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. നരിക്കുനി ഫയര്‍ഫോഴ്സ് കെട്ടിട നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു.

മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ടു തീര്‍ക്കാനുള്ള മരംമുറിയും ബാക്കി നടപടികളും അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് സ്പെഷല്‍ ലൈസന്‍സുകള്‍ അനുവദിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും നിർദേശമുയര്‍ന്നു. ബാലുശ്ശേരി, കക്കട്ടില്‍ ടൗണ്‍ നവീകരണ പ്രവൃത്തി പുരോഗമിച്ചുവരുകയാണെന്നും കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മേപ്പയൂര്‍- കീഴരിയൂര്‍-നെല്യാടി-കൊല്ലം റോഡ് ബൗണ്ടറി സ്റ്റോണ്‍ ലേ ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട സർവേ നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്.

നാഷനല്‍ ഹൈഡ്രോളജി പ്രോജക്ടിന്‍റെ മൂന്നാംഘട്ടത്തിന്‍റെ ഭാഗമായി ഭൂജല വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കിണര്‍ സർവേക്ക് ജില്ലയില്‍ തുടക്കമായതായി ബന്ധപ്പെട്ടവർ യോഗത്തില്‍ അറിയിച്ചു. കുന്ദമംഗലം, ബാലുശ്ശേരി ബ്ലോക്കുകളിലാണ് കിണര്‍ സര്‍വേ നടത്തുന്നത്. വരള്‍ച്ച സാധ്യത മേഖലകള്‍, ജല ഗുണനിലവാര പ്രശ്‌നങ്ങള്‍ എന്നിവ മനസ്സിലാക്കി ജലസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കിണര്‍ സർവേ.

ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കലക്ടറേറ്റില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കില്‍ ഏവരും പങ്കാളികളാവണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ഇ.കെ. വിജയന്‍, ഡോ. എം.കെ. മുനീര്‍, പി.ടി.എ. റഹീം, കാനത്തില്‍ ജമീല, അഡ്വ. കെ.എം. സച്ചിന്‍ദേവ്, ലിന്‍റോ ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ല പ്ലാനിങ് ഓഫിസര്‍ ടി.ആര്‍. മായ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Mananchira-Vellimatkunn Road: Tree felling and other works will be completed soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT