കോഴിക്കോട്: മാനാഞ്ചിറ-മലാപ്പറമ്പ് റോഡിന്റെ പ്രവൃത്തി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നിർദിഷ്ട റോഡിന്റെ ഭാഗമായ മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റോഡ്. ഈ ഭാഗം, മുത്തങ്ങ ദേശീയപാതയുടെ ഭാഗമായി വികസിപ്പിക്കും എന്നുപറഞ്ഞ് പി.ഡബ്ല്യു.ഡി ഒഴിവാക്കിയപ്പോൾ പാത വികസനം എന്നുവരുമെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്.
റോഡ് വികസനത്തിനുള്ള ചെലവിന്റെ 70 ശതമാനത്തോളം സ്ഥലമെടുപ്പിനാണ് വേണ്ടിവരുന്നത്. അത് ചെലവഴിച്ചശേഷം 42 കോടി മാത്രം ചെലവുവരുന്ന പ്രവൃത്തി എന്തിന് ഉപേക്ഷിക്കുന്നുവെന്നാണ് ആക്ഷൻ കമ്മിറ്റി ചോദിക്കുന്നത്. ഇത്ര ലാഘവത്തോടെ ഉപേക്ഷിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു തിടുക്കപ്പെട്ട് വ്യാപാര സ്ഥാപനങ്ങളും വീടുകളും അടക്കം പൊളിച്ചുനീക്കി സ്ഥലം ഏറ്റെടുത്തതെന്നതിനും മറുപടിയില്ല.
മാത്രമല്ല, തങ്ങളുടെ അന്വേഷണത്തിൽ, അങ്ങനെയൊരു ദേശീയപാത പദ്ധതിയില്ലെന്നാണ് അറിഞ്ഞതെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. റോഡ് വികസനത്തിന് തീരുമാനിച്ചാൽ തന്നെ, വീണ്ടും സ്ഥലമെടുപ്പ് വേണ്ടിവരും. ഇതിന് വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. ഇത് റോഡ് വികസനത്തിനായി ജീവനോപാധികളും കിടപ്പാടവും വിട്ടുകൊടുത്തവരോടുള്ള അവഗണനയാണ്.
8.4 കിലോമീറ്റർ വരുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് 2008ൽ ഭരണാനുമതി ലഭിച്ചെങ്കിലും നിരവധി സമരങ്ങളുടെ ശ്രമഫലമായാണ് സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്. നിലവിൽ മലാപ്പറമ്പ് വരെയുള്ള 5.1 കിലോമീറ്റർ മാത്രം വീതി കൂട്ടി വികസിപ്പിക്കുന്നതിനാണ് പൊതുമരാമത്ത് ടെൻഡർ ക്ഷണിച്ചത്.
ബേപ്പൂർ കഴിഞ്ഞാൽ സിറ്റിയിൽനിന്ന് ഏറ്റവുമധികം സ്വകാര്യ ബസ് ഓടുന്നത് ഈ റൂട്ടിലാണ്. നാലായിരത്തിലേറെ വിദ്യാർഥികളുള്ള ജെ.ഡി.ടി സ്ഥാപനങ്ങളും ഗവ. ലോ കോളേജ്, ഗവ. വനിത പോളിടെക്നിക് തുടങ്ങിയവയും ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, മലാപ്പറമ്പിനും വെള്ളിമാടുകുന്നിനും ഇടയിൽ റോഡിൽ മൂന്നു ഭാഗത്ത് അപകടകരമായ വളവുകളുണ്ട്. ഇവ ഒഴിവാക്കാനും വികസനത്തിലൂടെ കഴിയുമായിരുന്നു.
പൊതുമരാമത്ത് തീരുമാനം പുനഃപരിശോധിച്ച് 3.3 കിലോമീറ്റർ കൂടി ടെൻഡർ ചെയ്ത് റോഡ് വികസനം പൂർത്തിയാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പൊതുമരാമത്ത് മന്ത്രിക്ക് ഭീമഹരജി സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈസ്റ്റ് മലാപ്പറമ്പ് റെസിഡന്റ്സ് അസോസിയേഷൻ. കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ നിര്‍മിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം 16ന് വൈകിട്ട് 5.30ന് സിവില്‍ സ്റ്റേഷന് സമീപം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.