കോഴിക്കോട്: നഗരവികസന പദ്ധതിയുടെ ഭാഗമായ മാനാഞ്ചിറ - മലാപ്പറമ്പ് റോഡിന്റെ പ്രവൃത്തി ആറുമാസത്തിനകം തീർക്കണമെന്ന് പി.ഡബ്ല്യു.ഡി നിർദേശം. 24 മീറ്ററിൽ നാലുവരിയായി വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. സി.എച്ച് ഫ്ലൈഓവർ മുതൽ ഓവുചാലിന്റെ പ്രവൃത്തി ദ്രുതഗതിയിൽ നടക്കുകയാണ്. 5.32 കിലോമീറ്ററിലാണ് വീതി കൂട്ടുന്നത്. 79.9 കോടിയോളം രൂപയാണ് നിർമാണച്ചെലവ്. ഇരുവശത്തും 8.5 മീറ്റർ വീതം വീതിയിലാണ് റോഡ്. നടുവിൽ രണ്ടു മീറ്റർ മീഡിയൻ നിർമിക്കും. ഇരുഭാഗത്തും രണ്ടു മീറ്റിൽ ഓവുചാലുമുണ്ടാകും. നടപ്പാതക്കു സമീപം അരമീറ്റർ വീതിയിൽ മൺപാതയും ഉണ്ടാകും. ഈ ഭാഗത്തും നടുവിലെ മീഡിയനിലും പച്ചപുല്ലും ചെടികളും നടും.
പ്രവൃത്തി നടക്കുന്ന 5.32 കിലോമീറ്റർ എരഞ്ഞിപ്പാലത്ത് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ഈ ഭാഗം ഒഴിവാക്കിയാണ് നിലവിൽ പ്രവൃത്തി നടക്കുന്നത്. 2026 ഫെബ്രുവരിയോടെ പ്രവൃത്തി പൂർത്തിയായ ശേഷമായിരിക്കും എരഞ്ഞിപ്പാലം ജങ്ഷനിൽ മേൽപാല പ്രവൃത്തി ആരംഭിക്കുകയെന്നാണ് പി.ഡബ്ല്യു.ഡി അറിയിപ്പ്.
കോഴിക്കോട്- വയനാട് റോഡിലാണ് മേൽപാലം നിർമിക്കുക. എരഞ്ഞിപ്പാലം പോസ്റ്റ് ഓഫിസ് മുതൽ സിവിൽ സ്റ്റേഷൻവരെ മേൽപാലം നിർമിച്ച് തിരക്ക് ഒഴിവാക്കാനാണ് ആലോചന. മാനാഞ്ചിറ - മലാപ്പറമ്പ് റോഡ് വികസനവുമായി ബന്ധപ്പെട്ട് സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ എത്തിയ റവന്യൂ സംഘത്തെ തടഞ്ഞെങ്കിലും പൊലീസ് സാന്നിധ്യത്തിൽ നടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.