കോഴിക്കോട്: ചെറിയവൻ, വലിയവൻ എന്ന വ്യത്യാസമില്ലാതെ പെരുമാറുന്ന പച്ചയായ കോഴിക്കോടിന്റെ പ്രതീകമായിരുന്നു അന്തരിച്ച നടൻ മാമുക്കോയയെന്ന് സംവിധായകൻ വി.എം. വിനു. കല്ലായിപ്പുഴ സംരക്ഷണ സമിതി കല്ലായിപ്പുഴ തീരത്ത് സംഘടിപ്പിച്ച മാമുക്കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സിനിമാക്കാർക്ക് മാമുക്കോയയുമായി പ്രശ്നമുണ്ടോ’ എന്ന് നാട്ടുകാർ ചോദിച്ചപ്പോഴാണ് മാമുക്കോയയുടെ ഭൗതികശരീരം സന്ദർശിക്കാൻ എത്താത്തതിനെക്കുറിച്ച് താൻ വിമർശനം ഉന്നയിച്ചത്. മലയാളത്തിലെ മഹാനടന്മാരെക്കുറിച്ചല്ല താൻ പറഞ്ഞത്. മാമുക്കോയയോടൊപ്പം അഭിനയിച്ച ധാരാളം നടീനടന്മാരും സംവിധായകരുമുണ്ട്.
അവരാരും വന്നില്ല. സിനിമ വ്യവസായത്തിൽ തിരക്കുകൂടിയപ്പോൾ, ആളുകൾ തമ്മിലുള്ള അകലവും കൂടിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ജീവിതത്തിൽ തനിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകിയ കലാകാരനായിരുന്നു മാമുക്കോയയെന്ന് മുഖ്യാതിഥിയായിരുന്ന നടൻ നിർമൽ പാലാഴി അനുസ്മരിച്ചു.
മാമുക്കയുടെ വിയോഗം വരുന്ന തലമുറക്ക് വലിയൊരു നഷ്ടമാണ്. ഇത്രയേറെ സിനിമകളിൽ അഭിനയിച്ചിട്ടും താൻ വലിയ ആളാണെന്ന് അദ്ദേഹത്തിന് ഒരിക്കൽപോലും തോന്നിയിട്ടില്ല. എളിമയോടെ ജീവിച്ച വലിയൊരു മനുഷ്യനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എസ്.കെ. കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന ബാബു പറശ്ശേരി, ഫൈസൽ പള്ളിക്കണ്ടി, ടി.കെ.എ. അസീസ്, കെ. ജയന്ത് കുമാർ, അസിം സൂഫി, കെ.പി. സലിം ബാബു, പി.പി. ഉമ്മർകോയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.