കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ വെള്ളം മുടങ്ങിയതിനെത്തുടർന്ന് ടാങ്കറിൽ വെള്ളമെത്തിച്ചപ്പോൾ
കോഴിക്കോട്: മെഡി.കോളജ് ആശുപത്രിയിൽ ജലവിതരണം മുടങ്ങിയതിനെ തുടർന്ന് ലാബുകളുടെ പ്രവർത്തനം പോലും മുടങ്ങി. ചൊവ്വാഴ്ച രക്തപരിശോധനക്ക് ലാബിലെത്തിയപ്പോൾ രോഗികൾക്കുള്ള മറുപടി വെള്ളമില്ല പുറത്ത് ലാബിൽ പൊയ്ക്കോളൂ എന്നായിരുന്നു. വാർഡുകളിലും വെള്ളം മുടങ്ങിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാഴ്ത്തി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് എൻ. എം . സി.എച്ച്, സൂപ്പർ സ്പെഷാലിറ്റി, ഐ. എം. സി. എച്ച് ബ്ലോക്കുകളിൽ ജലവിതരണം പൂർണമായും നിലച്ചത്. കോഴിക്കോട് -മാവൂർ റോഡിൽ കുറ്റിക്കാട്ടൂർ അങ്ങാടിയോട് ചേർന്ന് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനിടെ പൈപ്പിൽ ഉണ്ടായ ചോർച്ചയാണ് ചൊവ്വാഴ്ച കൂളിമാട് നിന്ന് മെഡിക്കൽ കോളജിലേക്കുള്ള പമ്പിങ് മുടങ്ങാൻ കാരണമായത്.
സംഭരണിയിൽ സ്റ്റോക്ക് ഉണ്ടായിരുന്ന വെള്ളവും സന്ധ്യയോട് കൂടി തീർന്നതിനെ തുടർന്ന് ആശുപത്രിയിൽ പൂർണമായും വെള്ളമില്ലാത്ത അവസ്ഥയായി. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് ജല അതോറിറ്റിയുടെ ടാങ്കറിൽ വെള്ളം എത്തിച്ചെങ്കിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം തികഞ്ഞല്ല പരാതിയുയർന്നു.
ബുധനാഴ്ച വൈകിട്ട് ആറു മണി വരെ ജലവിതരണം പുനഃസ്ഥാപിക്കാനായില്ല. ആശുപത്രിക്ക് അകത്തുള്ള ശൗചാലയങ്ങളിൽ ആവശ്യത്തിനു വെള്ളം ഒഴിക്കാത്തതിനാൽ വാർഡുകളിലും വരാന്തകളിലും ദുർഗന്ധവുമായി. മൂഴിക്കൽ പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള വെള്ളം സംഭരിച്ചുവെച്ചതിനാൽ അത്യാഹിത വിഭാഗത്തിൽ വെള്ളമില്ലാത്ത പ്രശ്നം ബാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.