നന്മണ്ട: നന്മണ്ടയുടെ വികസനക്കുതിപ്പിന് നിർണായക പങ്കുവഹിച്ച ഇടത് ഭരണാധികാരിയാണ് പി. അബൂബക്കർ മാസ്റ്റർ. ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ, ഓൺലൈൻ രീതികളിൽനിന്നും വ്യത്യസ്തമായി അക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പൂർണമായും വീടുകൾ കയറിയിറങ്ങിയുള്ളതായിരുന്നു. വാഹന പ്രചാരണ രീതിയുണ്ടായിരുന്നില്ല.
ലഘുലേഖകൾ, ചിഹ്നങ്ങൾ എന്നിവ അച്ചടിച്ച് വീടുതോറും കയറിയിറങ്ങി വിതരണം ചെയ്യുമായിരുന്നു. സ്ക്വാഡ് വർക്കുകളുമൊക്കെയായി സജീവമായിരുന്ന തെരഞ്ഞെടുപ്പ് കാലം അബൂബക്കർ മാസ്റ്റർ വിശ്രമ ജീവിതത്തിനിടയിലും ഓർത്തെടുക്കുന്നു.
46 വർഷം മുമ്പ് 1979ൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്ന അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കാലമെന്നത് പഴയഓർമ്മകളിലേക്കുള്ള തിരിച്ചു പോക്കാണ്. അന്ന് നന്മണ്ടയിൽ ആകെ പത്തു വാർഡാണുള്ളത്.1979ൽ കരിയാണി മലയിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർഥിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.
ചീക്കിലോട് ഭാഗത്തുനിന്ന് റോഡ്, വാഹനസൗകര്യങ്ങൾ ഇല്ലാതിരുന്ന അന്നത്തെ കാലത്ത് കൊളത്തൂർ സ്വദേശിയായ അദ്ദേഹം കാൽനടയായി സത്യപ്രതിജ്ഞ ചെയ്യാൻ പഞ്ചായത്തിലെത്തിയ ഓർമ്മകൾ പങ്കുവെക്കുന്നു. 1988ൽ നന്മണ്ട വാർഡിൽ നിന്നും പി.അബൂബക്കർ മാസ്റ്റർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി ഭരണ സമിതി അദ്ദേഹത്തെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
ഈ പത്തു വർഷത്തിനിടെ ചീക്കിലോട് പ്രധാന ജംങ്ഷനായി മാറി. പല ഭാഗത്തും എട്ടു മീറ്ററിലുള്ള റോഡുകൾ നിർമിക്കാനായി. ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി, നന്മണ്ടയിലെ സാംസ്കാരിക നിലയം, ഷോപ്പിങ് സെന്റർ, പൊതു ശുചിമുറി തുടങ്ങിയവ സ്ഥാപിക്കാനായത് അന്നത്തെ നന്മണ്ടയുടെ വികസനത്തിൽ നാഴികക്കല്ലായി മാറിയെന്ന് അദ്ദേഹം ഓർക്കുന്നു.
ചീക്കിലോട് ശ്മശാനം നിർമാണം, കളിസ്ഥലം, നന്മണ്ട പതിനാല് - പി.സി. സ്കൂൾ റോഡ്, കുന്നത്തെരു റോഡ് തുടങ്ങി നിരവധി റോഡുകളും നിർമിക്കാനായത് ഇന്നത്തെ നന്മണ്ടയുടെ വികസനത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
2000 മുതൽ 2005 വരെ ചേളന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായും 2010-15 വർഷത്തിൽ ബ്ലോക്ക് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സി.പി.എം നന്മണ്ട ലോക്കൽ കമ്മിറ്റി അംഗം കക്കോടി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കൊളത്തൂർ യു.പി സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ചിട്ട് ഇപ്പോൾ 23 വർഷം പിന്നിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.