കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, കോഴിക്കോട്
കോഴിക്കോട്: നഗരത്തിൽ നോക്കുകുത്തിയായി നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനലിന്‍റെ ബലക്ഷമത സംബന്ധിച്ച് തിരുവനന്തപുരം ബാൾട്ടൺഹിൽ എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കെട്ടിടത്തിന്‍റെ പ്ലാൻ എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ നിർമാണത്തിൽ വീഴ്ച കാണിച്ചിട്ടില്ല. പ്ലാനിൽ എസ്റ്റിമേറ്റിൽ കാണിച്ച പ്രകാരമുള്ള കമ്പി, സിമന്‍റ് അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുവെന്നാണ് സംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. പ്രാഥമിക റിപ്പോർട്ട് കെട്ടിട സമുച്ചത്തിന്‍റെ നിർമാതാക്കളായ കെ.ടി.ഡി.എഫ്.സി കോടതിയിൽ സമർപ്പിച്ചു.
കെട്ടിടത്തിന്‍റെ ബലക്ഷയം സംബന്ധിച്ച വിശദ റിപ്പോർട്ട് ഒരു മാസത്തിനികം നൽകുമെന്നാണ് വിവരം. ഈ റിപ്പോർട്ട് കൂടി കോടതിയിൽ സമർപ്പിക്കുന്നതോടെ കെട്ടിടത്തിന്‍റെ ബലക്ഷമതയും ബലപ്പെടുത്തൽ പ്രവൃത്തിയും സംബന്ധിച്ച് തർക്കത്തിൽ കോടതിയിൽനിന്ന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്രാസ് ഐ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടസമുച്ചയം തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിലെ വിദഗ്ധസംഘം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ ജൂലൈ 28ന് ഹൈകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഒക്ടോബർ മൂന്നിന് തിരുവനന്തപുരം എൻജിനീയറിങ് കോളജ് അസി. പ്രഫ. സി.ജെ. കിരണിന്‍റെ നേതൃത്വത്തിൽ കെട്ടിത്തിൽ പരിശോധന നടത്തിയിരുന്നു. കെട്ടിടം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരായ അലിഫ് ബിൽഡേഴ്സിന്‍റെ ആവശ്യം അംഗീകരിച്ചാണ് ടെർമിനലിന്‍റെ ബലക്ഷമത വീണ്ടും പരിശോധിക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്. കെട്ടിടം നിലവിൽ ആരുടെ കൈവശമാണ്, എത്രത്തോളം ബലക്ഷയമുണ്ട്, ഇത് പരിഹരിക്കുന്നതിന് എത്ര തുക വേണം, തുക ആര് വകയിരുത്തും എന്നിവ സംബന്ധിച്ച് സർക്കാരും പാട്ടക്കാരും തമ്മിൽ തർക്കം നിലവിലുണ്ട്.
ഈ സാഹചര്യത്തിൽ കെട്ടിടത്തിന്‍റെ ബലക്ഷയവും അത് പരിഹരിക്കുന്നതിന് ആവശ്യമായ തുകയും നിശ്ചയിക്കുന്നതിന് പി.ഡബ്ല്യു.ഡിയോ തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിനെയോ ചുമതലപ്പെടുത്തണമെന്ന് അലിഫ് ബിൽഡേഴ്സ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ബലക്ഷയമുണ്ടെന്നും അത് പരിഹരിക്കാൻ 35 കോടി വേണ്ടിവരുന്നെന്നും മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയിരുന്നു. കെട്ടിടം കെ.ടി.ഡി.എഫ്.സി ബലപ്പെടുത്തി നൽകണമെന്നാണ് ആലിഫിന്‍റെ വാദം.
എന്നാൽ, ടെർമിനൽ നിലവിലെ അവസ്ഥയിലാണ് കൈമാറിയതെന്നും തുടർന്നുള്ള അറ്റകുറ്റപ്പണികൾ കരാരുകൾ നടത്തണമെന്നുമാണ് സർക്കാരിന്‍റെ വാദം. പാട്ടക്കകരാർ ഒപ്പുവെച്ച 2021 ആഗസ്റ്റ് 26 മുതൽ ടെർമിനലിൽ കരാർ പ്രകാരം അനുവദിക്കപ്പെട്ട സ്ഥലം പാട്ടക്കാരുടെ കൈവശമാണ്. ടെർമിനിലിൽനിന്ന് പാർക്കിങ് ഫീസും ശൗചാലയങ്ങളിൽനിന്ന് ഫീസും പിരിക്കുന്നത് അലിഫ് ആണെന്നും കെട്ടിടം കൈമാറിയിട്ടില്ലെന്ന വാദം തെറ്റാണെന്നുമാണ് സർക്കാരിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.