കുമ്മങ്കോട് വട്ടക്കണ്ടിപ്പാറയിൽ പുലിക്കായി തെരച്ചിൽ നടത്തുന്നു
പുലിയുടെ ആക്രമണമെന്ന് സ്ഥിരീകരണം; സി.സി.ടി.വി ദൃശ്യം പുറത്ത്, സിനാന് 64 മുറിവുകൾ
നാദാപുരം: കുമ്മങ്കോട് സിനാനു നേരെയുണ്ടായത് പുലിയുടെ ആക്രമണമെന്ന് സ്ഥിരീകരണം. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമുറ്റത്ത് കൂടി പുലി ഓടി മറയുന്ന ദൃശ്യം ഇന്നലെ പുറത്ത് വന്നതോടെയാണ് വിവരം സ്ഥിരീകരിച്ചത്. എന്നാൽ വനം വകുപ്പ് ഇതുവരെ ആക്രമണം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. ആക്രമണത്തിനിരായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുമ്മങ്കോട്ടെ സിനാനു നേരെ വന്യജീവിയായ (പുലി)യിൽ നിന്നുണ്ടായത് അതിഭീകരമായ ആക്രമണം. തിങ്കളാഴ്ച വീട്ടിനു പുറകുവശത്തെ പറമ്പിൽ പപ്പായ പറിക്കാൻ ചുറ്റുപാട് വൃത്തിയാക്കുന്നതിനിടയിലാണ് സിനാനെ പുലി ആക്രമിച്ചത്.
തൊട്ടടുത്തുണ്ടായിരുന്ന കുഴിയിൽ ഒളിഞ്ഞു കഴിഞ്ഞ പുലി സിനാന്റെ പിറകിലേക്ക് ചാടുകയായിരുന്നു. പുലിയുമായുള്ള മൽപിടിത്തത്തിനിടയിൽ സിനാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ കഴുത്തിന് പിൻഭാഗത്തും ചെവിക്ക് താഴെയുമായി ഉണ്ടായ ആഴത്തിലുള്ള മുറിവിൽ 64ലധികം തുന്നലുകളാണ് ഇടേണ്ടി വന്നത്. പുറത്തും നെഞ്ചിലും, വയർ ഭാഗത്തും നഖം ഉപയോഗിച്ചുള്ള മാന്തൽ കാരണം നിരവധി സ്ഥലത്ത് വേറെയും മുറിവേറ്റു. സിനാന് ചുമലിലും നടുവിലും വേദന കൂടിയതിനെത്തുടർന്ന് ഓർത്തോപീഡിക് വിഭാഗത്തിന്റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
വീണ്ടും പുലിയെ കണ്ടതായി വെളിപ്പെടുത്തൽ
നാദാപുരം: സി.സി.ടി വി യിൽ ദൃശ്യമായ പുലിക്കായി തെരച്ചിൽ തുടരുന്നതിനിടെ ഇന്നലെ ഉച്ചയോടെ ഏരത്ത് മമ്മുവിന്റെ വീട്ടിനടുത്ത് അജ്ഞാത ജീവി ഓടിപ്പോകുന്നത് വീട്ടുകാർ കണ്ടത് പ്രദേശത്ത് വീണ്ടും ഭയപ്പാടിനിടയാക്കി. പുലിയെ തന്നെയാണ് കണ്ടതെന്ന് വീട്ടുകാർ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നിലത്ത് പതിഞ്ഞ കാൽപാദത്തിൻ്റെ ചിത്രം പരിശോധനക്കെടുത്തു.
തെരച്ചിൽ തുടരുന്നു
നാദാപുരം: സിനാനെ ആക്രമിച്ച പുലിക്കായി ഇന്നലെയും വനംവകുപ്പിന്റെ ആർ.ആർ.ടി.അംഗങ്ങൾ വ്യാപക തെരച്ചിൽ നടത്തി. രാവിലെ ഏഴു മുതൽ രണ്ടു ടീമുകളായിട്ടാണ് തെരച്ചിൽ ആരംഭിച്ചത്.
സംശയാസ്പദമായ സ്ഥലങ്ങളിലും, കുറ്റിക്കാടുകളിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാത്രി കൂട് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജനവാസ കേന്ദ്രത്തിൽ പ്രായോഗികമല്ലെന്ന ധാരണയിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പ്രദേശത്ത് തെർമൽ ഡ്രോൺ പരിശോധന
നാദാപുരം: കുമ്മങ്കോട് യുവാവിനെ പുലി ആക്രമിച്ചതിന്റെ പാശ്ചാത്തലത്തിൽ പ്രദേശത്ത് തെർമൽ ഡ്രോൺ പരിശോധന നടത്തി. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. പരിശോധനയിൽ പുലി സാന്നിധ്യം കണ്ടെത്താനായില്ല. വട്ടക്കണ്ടി പാറേമ്മൽ കാട് മൂടി കിടന്ന സ്ഥലത്ത് നിന്നും മൂന്നും കിലോമീറ്റർ ചുറ്റളവിലാണ് ഇന്നലെ വൈകുന്നേരം ആറു മണിയോടെ പരിശോധന നടത്തിയത്. ഡ്രോൺ പരിശോധനയും ആർ. ആർ. ടി. പരിശോധനയും ഇന്നും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.