കോഴിക്കോട് മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാർ ആശങ്കയിൽ

കോഴിക്കോട്: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ, ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണെന്ന് പി.ജി ഡോക്​ടർമാർ. ദിവസം കൂടുന്തോറും മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ഡോക്​ടർമാർക്ക് രോഗമുണ്ടാവുന്നുണ്ടെന്ന് കേരള മെഡിക്കൽ പോസ്​റ്റ്​ഗ്രാജ്വേറ്റ്സ് അസോസിയേഷൻ കോഴിക്കോട് ശാഖ ചൂണ്ടിക്കാട്ടി. 10 പി.ജി ഡോക്​ടർമാർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

30 പേർ ക്വാറൻറീനിലുമാണ്. അധികൃതർ മുൻകരുതൽ ശക്തമാക്കിയില്ലെങ്കിൽ കൂടുതൽ പേർക്ക് രോഗം പിടിപെടും. ഇങ്ങനെ സംഭവിച്ചാൽ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനംതന്നെ അവതാളത്തിലാകും. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലും കോവിഡ് മാനേജ്മെൻറിലും പി.ജി ഡോക്​ടർമാരാണ് മുൻനിരയിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രി ക്ലസ്​റ്ററാകുന്ന അവസ്ഥയാവുകയാണെന്ന് പി.ജി അസോസിയേഷൻ പറഞ്ഞു. ചികിത്സ തേടുന്നവരും കൂട്ടിരിപ്പുകാരും കോവിഡ് ബാധിതരാവുകയാണ്.

കോവിഡ് രോഗവ്യാപനത്തി െൻറ ആദ്യഘട്ടം മുതൽ അധികാരികളെടുത്ത മോശം തീരുമാനങ്ങളാണ് സ്ഥിതി വഷളാക്കിയത്. സർക്കാർ തലത്തിൽ ത്രിതല ചികിത്സ സൗകര്യമുള്ള ചികിത്സാലയമായ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിനെ കോവിഡ് ആശുപത്രിയാക്കിയതിനെയും പി.ജി ഡോക്​ടർമാർ വിമർശിക്കുന്നു. മറ്റു സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി വാർഡുകളുടെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ടതും പരിഗണിച്ചില്ല. ത്രിതല ചികിത്സ ആവശ്യമില്ലാത്ത കോവിഡ് രോഗികൾക്ക്​ ഉൾപ്പെടെ മുഴുവൻ സംവിധാനങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കോവിഡിതര വാർഡിലെ രോഗികളെ ബാധിച്ചു.

പുതിയ സാഹചര്യത്തിൽ ത്രിതല ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികളെ മാത്രമേ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് പി.ജി അസോസിയേഷൻ ആവശ്യപ്പെടുന്നു. ജൂനിയർ ഡോക്​ടർമാർക്കും മറ്റു ജീവനക്കാർക്കും വ്യാപകമായി കോവിഡ് പരിശോധന നടത്തണം. ഫസ്​റ്റ്​ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ ജൂനിയർ ഡോക്​ടർമാരെ അയക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നതിനാൽ ആ തീരുമാനം റദ്ദാക്കണമെന്നും പി.ജി അസോസിയേഷൻ ആവശ്യപ്പെടുന്നു.

എട്ട് ജീവനക്കാർ കൂടി ക്വാറൻറീനിൽ

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിലെ എട്ട് ആരോഗ്യ പ്രവർത്തകർ കൂടി ക്വാറൻറീനിൽ. കോവിഡ് സ്ഥിരീകരിച്ച കോവിഡിതര വാർഡിലെ രോഗിയുമായി സമ്പർക്കത്തിൽ വന്നതാണ് ഇവരെ ക്വാറൻറീനിലാക്കാൻ ഇടവെച്ചത്. ആശുപത്രിയിൽ 150 ലേറെ പേർ നിലവിൽ ക്വാറൻറീനിലുണ്ട്. 10 ജൂനിയർ ഡോക്ടർമാർക്ക് രോഗം ബാധിച്ചതിനോടനുബന്ധിച്ച് 30 ഓളം ജൂനിയർ ഡോക്​ടർമാർ ക്വാറൻറീനിലാണ്. കോവിഡിതര വാർഡുകളിൽ ജോലി ചെയ്തിരുന്നവരാണ് ഇവർ. ആശുപത്രിയുടെ പ്രവർത്തനം തന്നെ താളം തെറ്റിയ അവസ്ഥയിലാണെന്ന് ഡോക്​ടർമാർ വ്യക്തമാക്കുന്നു.

കോവിഡിതര വാർഡുകളിൽ രോഗം സ്ഥിരീകരിക്കുന്നത് രോഗവ്യാപനത്തിനും കൂട്ട ക്വാറൻറീനും ഇടവെക്കുകയാണ്. രോഗികളിൽ നിന്ന് ഡോക്ടർമാരിലേക്ക് എന്ന പോലെ ഡോക്ടർമാരിൽ നിന്ന് രോഗികളിലേക്കും കോവിഡ് വരുന്നുണ്ട്. അഡ്മിറ്റാകുമ്പോൾ കോവിഡ് ഇല്ലാത്തവർക്ക് പോലും ഡിസ്ചാർജ് ആകുമ്പോഴേക്കും രോഗം വരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാർ പിന്നീട് നാട്ടിൽ ചെന്ന് പരിശോധന നടത്തുമ്പോൾ രോഗം സ്ഥിരീകരിക്കുന്നതുമായ അവസ്ഥകൾ മെഡിക്കൽ കോളജിൽ നിലവിലുണ്ട്. ആശുപത്രി രോഗവ്യാപന കേന്ദ്രമായിരിക്കുകയാണെന്നത്​ യാഥാർഥ്യമാണെന്നും ഡോക്​ടർമാർ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.