മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗികൾ വരാന്തയിൽ നിലത്തു കിടക്കുന്നു
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗർഭിണികളും കുട്ടികളും അടക്കമുള്ള രോഗികൾ വാർഡും കട്ടിലും കിട്ടാതെ വരാന്തയിൽ നിലത്ത് കിടക്കുകയും കുട്ടികളുടെ ഐ.സി.യുവിൽ വെള്ളം കയറുകയും ചെയ്യുമ്പോൾ ആശുപത്രിയുടെ വലിയൊരു ഭാഗം അപഹരിച്ച് പ്രവർത്തിക്കുന്ന പി.ജി ഹോസ്റ്റൽ ഒഴിപ്പിക്കാൻ നടപടിയില്ല. ആശുപത്രിയിൽ രോഗീപരിചരണത്തിന്ന് മുൻഗണന നൽകണം എന്ന സാമാന്യബോധം പോലും അവഗണിച്ചാണ് ഡോക്ടർമാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആശുപത്രിയുടെ പുതിയ ജൂബിലി ബ്ലോക്കിൽ അഞ്ചാം നിലയിലാണ് പി.ജി ഡോക്ടർമാരുടെ ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഇത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയിട്ടും അതു നടപ്പായില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന ഗർഭിണികളും കുട്ടികളുമായി രോഗികൾ നിലത്തുകിടന്ന് ദുരിതം അനുഭവിക്കുമ്പോഴാണ് 32 ഓളം പി.ജി ഡോക്ടർമാർ ആശുപത്രി കെട്ടിടത്തിൽ താമസിക്കുന്നത്. ഹോസ്റ്റലിനോട് അനുബന്ധിച്ച് മെസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു അടക്കം പ്രവർത്തിക്കുന്നത് താഴെ നിലയിലാണ്. ശക്തമായ മഴപെയ്താൽ താഴെ നിലയിൽ വെള്ളം കയറും.
എല്ലാ വർഷവും താഴെ നിലയിൽ വെള്ളം കയറി ഐ.സി.യു അടക്കം ഒഴിപ്പിക്കേണ്ടി വരാറുണ്ട്. ഇത്തവണയും പീഡിയാട്രിക് ഐ.സി.യുവിൽ വെള്ളം കയറിയിരുന്നു. മഴ പെയ്താൽ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലിന ജലമാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലേക്ക് ഒഴുകി ഐ.സി.യു വരെ എത്തുന്നത്. എന്നിട്ടും ഹോസ്റ്റൽ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഹോസ്റ്റൽ ഒഴിപ്പിച്ച് രണ്ടു വാർഡും താൽക്കാലിക ഐ.സി.യുവും ഇവിടെ പ്രവർത്തിപ്പിക്കാൻ ആശുപത്രി അധികൃതർ നേരത്തേ തീരുമാനിച്ചിരുന്നു. പി.ജിക്കാരെ ഒഴിപ്പിക്കുന്നതിനു വേണ്ടി ആശുപത്രിയിലെ വിവിധ വകുപ്പ് മേധാവിമാരുടെയും വിദ്യാർഥികളുടെയും സംയുക്ത യോഗം വിളിച്ചിരുന്നു. വിദ്യാർഥികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും പി.ജി ഹോസ്റ്റലിൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ മാസം 15നു മുമ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ, ജോലി സൗകര്യാർഥം പി.ജി ഡോക്ടർമാർ ആശുപത്രിക്കുള്ളിലെ ഹോസ്റ്റൽ ഒഴിയാൻ വിമുഖത കാണിക്കുകയാണെന്നാണ് ആക്ഷേപം. ഒക്ടോബർ മാസത്തിൽ പി.ജി പരീക്ഷ നടക്കുമെന്നും അതിനു ശേഷം ഒഴിയാം എന്നുമാണ് വിദ്യാർഥികൾ അസോസിയേഷൻ പ്രതിനിധികളെ അറിയിച്ചിരിക്കുന്നതത്രേ. അതിന് ഇനിയും കാത്തിരിക്കേണ്ടി വരും.
ആശുപത്രി സൂപ്രണ്ടും കോളജ് പ്രിൻസിപ്പലും അടക്കം ഹോസ്റ്റൽ ഒഴിപ്പിക്കാൻ മുൻകൈ എടുത്തിട്ടും ഭരണാനുകൂല സംഘടന നേതാക്കളുടെ ആശീർവാദത്തോടെയാണ് ഹോസ്റ്റൽ തുടരുന്നതെന്നും ആരോപണമുണ്ട്. കാമ്പസ് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് ഹോസ്റ്റൽ ഒഴിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ഒരു നീക്കം അനുവദിക്കാൻ കഴിയില്ലെന്ന് ഭരണാനുകൂല സംഘടന പ്രതിനിധികൾ നിലപാട് എടുക്കുകയായിരുന്നുവത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.