ഭിന്നശേഷിസൗഹൃദ നഗരമാകാനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് നിരവധി പദ്ധതികളുമായി കോർപറേഷൻ. ഭിന്നശേഷി കുട്ടികൾക്ക് ഏർലി ഇന്‍റർവൻഷൻ, സ്ക്രീനിങ്, വിവിധ തെറാപ്പികൾ എന്നിവ ലഭ്യമാക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്‍റ് സെന്‍റർ ആരംഭിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മേയർ ബീന ഫിലിപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും നേരത്തെ വൈകല്യങ്ങൾ തിരിച്ചറിയുക, ശാസ്ത്രീയ ഇടപെടലുകൾ നടത്തുക, ചികിത്സ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി 1,76,84,750 രൂപ വകയിരുത്തിയിട്ടുണ്ട്. സാധാരണയായി ഭിന്നശേഷിയുള്ള കുട്ടികൾക്ക് വീൽ ചെയറുകളാണ് ലഭ്യമാക്കാറുള്ളത്.

ഇതിൽനിന്നെല്ലാം വ്യത്യസ്തമായി കുട്ടികളുടെ പരിമിതി തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ സഹായങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഡിസംബർ രണ്ടിന് കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ ഭട്ട് റോഡിലെ സമുദ്രഹാളിൽ ഭിന്നശേഷി ദിനാഘോഷം നടത്തും. വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഓഫ് സ്റ്റേജ് പ്രോഗ്രാം തുടങ്ങി ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

വിവിധ സ്കൂളുകളിലെ 90 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കും. ഉച്ചക്കുശേഷം കുട്ടികളിലെ ജിജ്ഞാസ ഉണർത്തുന്നതിനായി മാജിക് ഷോയും വലിയ കാൻവാസിൽ മുതിർന്നവരും സാമൂഹിക പ്രവർത്തകരും ചിത്രങ്ങൾ വരച്ച് നിറംനൽകുന്ന നിറച്ചാർത്ത് പരിപാടിയും പട്ടംപറത്തലും നടത്തും. ഹോട്ട് സീറ്റ് കോർണറിൽ ക്വിസ് പ്രോഗ്രാം, ഗണിത സംബന്ധിയായ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

വർക്കിങ് മോഡൽ കോർണറിൽ ശാസ്ത്ര കഴിവുകളിലെ അഭിരുചി മനസ്സിലാക്കുന്നതിന് പ്രത്യേകം തയാറാക്കിയ വർക്കിങ് മോഡൽ പ്രവർത്തനവും വിശദീകരണവും നടക്കും. ഒപ്പം എന്ന സ്റ്റാളിൽ രക്ഷിതാക്കൾ തയാറാക്കിയ കോഴിക്കോടൻ വിഭവങ്ങളുടെ വിൽപന സ്റ്റാൾ ഒരുക്കും. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകുമെന്നും മേയർ അറിയിച്ചു.

Tags:    
News Summary - Kozhikode is ready to become a disability-friendly city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.