കോഴിക്കോട്: കോവിഡ് വ്യാപനത്തെതുടർന്ന് ഒരു മാസത്തോളമായി അടച്ചിട്ട സെൻട്രൽ മാർക്കറ്റ് തുറന്നു. കർശന വ്യവസ്ഥകളോടെ മാർക്കറ്റ് തുറക്കാൻ അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജില്ല കലക്ടർ ഉത്തരവിറക്കിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ മുഖ്യ മീൻ വിപണിയായ െസൻട്രൽ മാർക്കറ്റിലെ പച്ചമീൻ, ഉണക്കമീൻ, കോഴി വ്യാപാരികളാണ് ശനിയാഴ്ച വീണ്ടും കച്ചവടം തുടങ്ങിയത്.
രാവിലെ ആറു വരെ മാത്രമാണ് മൊത്തമീൻ കച്ചവടം അനുവദിക്കുക. രാവിലെ ഏഴു മുതൽ രണ്ടു വരെ ഉണക്കമീൻ വിൽപനക്കും അനുമതിയുണ്ട്.
നഗരസഭ ഉദ്യോഗസ്ഥരുടെയും പൊലീസിെൻറയും സാന്നിധ്യത്തിലായിരുന്നു മാർക്കറ്റ് തുറക്കൽ നടപടി.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവായ കച്ചവടക്കാരും തൊഴിലാളികൾക്കുമാണ് മാർക്കറ്റിൽ വ്യാപാരം നടത്താൻ അനുമതി. സാമൂഹിക അകലം പാലിച്ച് വാഹനങ്ങൾക്ക് ക്രമീകരണം വരുത്തി മറ്റു സുരക്ഷാ നടപടികളോടെയായിരുന്നു കച്ചവടം. വ്യാപാരം തുടങ്ങിയെങ്കിലും ചെറിയ തോതിലുള്ള കച്ചവടം മാത്രമേ നടന്നുള്ളൂ. ശനിയാഴ്ചയായതും നിയന്ത്രണങ്ങളും കച്ചവടം കുറയാൻ കാരണമായി. ഞായറാഴ്ച ഉണക്ക മത്സ്യ വ്യാപാരികൾക്ക് അവധിയാണ്.
തിങ്കളാഴ്ച മുതൽ വ്യാപാരം സജീവമാവുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കഴിഞ്ഞ മാസം 12ന് നടത്തിയ പരിശോധനയിൽ 111 പേർക്ക് കോവിഡ് പോസിറ്റിവ് ആയതോടെയാണ് മാർക്കറ്റ് അടക്കാൻ തീരുമാനിച്ചത്. കലക്ടറുടെ ഉത്തരവ് പ്രകാരം 13 മുതൽ മാർക്കറ്റ് അടച്ചുപൂട്ടി.
കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ട പാളയം പച്ചക്കറി മാർക്കറ്റ് ഒക്ടോബർ ഏഴു മുതൽ തുറന്നിരുന്നു. മലബാറിലെ പ്രധാന ഭക്ഷ്യോൽപന്ന വിപണിയായ വലിയങ്ങാടി കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.