കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം തിങ്കളാഴ്ച തുടങ്ങും. മാർച്ച് ആറുമുതൽ മേയ്18 വരെ വിവിധ ദിവസങ്ങളിലായി സാക്ഷിവിസ്താരം നടത്താനാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലണ്ലിന്റെ നിർദേശം. തിങ്കളാഴ്ച ഒന്നാം സാക്ഷി റോയി തോമസിന്റെ സഹോദരി രഞ്ജി വിൽസന്റെ വിസ്താരമാണ് നിശ്ചയിച്ചത്.
സ്വത്ത് വിഭജനവും മറ്റും സംബന്ധിച്ച കാര്യത്തിലാണ് സാക്ഷി മൊഴി. മൊത്തം 158 സാക്ഷികൾക്ക് വിവിധ ദിവസങ്ങളിൽ ഹാജരാവാനായി സമൻസ് അയച്ചിട്ടുണ്ട്. വിചാരണ കോടതി മാറ്റണമെന്നാശ്യപ്പെട്ട് മുഖ്യ പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഈ അപേക്ഷയും കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹരജി പ്രത്യേക കോടതി തള്ളിയതിനെതിരെ നൽകിയ അപേക്ഷയും ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് വിസ്താരം ആരംഭിക്കുന്നത്. ഇതോടൊപ്പം ഹൈകോടതിയിൽ കേസുള്ളപ്പോൾ കീഴ്കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങുന്നത് നീട്ടണമെന്ന ആവശ്യം നിരസിച്ചതിനെതിരെ നൽകിയ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്.
മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസിയത്ത് നിർമിച്ചുവെന്ന് കുറ്റം ചുമത്തിയ മനോജ് കുമാർ എന്നിവരാണ് കേസിൽ പ്രതികൾ.
ജോളി ആദ്യ ഭർത്താവ് റോയ് തോമസിനെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ മറ്റു പ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്ന കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. കൂട്ടക്കൊലയിൽ പെട്ട നാല് മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ട് പ്രോസിക്യൂഷന് ലഭിച്ചിരുന്നു.
പ്രതിഭാഗത്തിനായി അഡ്വ. ബി.എ. ആളൂർ, അഡ്വ. ഹിജാസ് അഹമ്മദും പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുബാഷുമാണ് ഹാജരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.