ചക്കിട്ടപാറ ടൗണിൽ നാല് മാസം മുമ്പ് മലയോര ഹൈവേ കരാറുകാർ ഉണ്ടാക്കിയ വലിയ കുഴികൾക്കു മുന്നിൽ പ്ലക്കാർഡ് കഴുത്തിൽ തൂക്കി പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ കേരളാ കോൺഗ്രസ് (ജേക്കബ്) സ്ഥാനാർഥി രാജൻ വർക്കി
പേരാമ്പ്ര: ജില്ലയിൽ കേരള കോൺഗ്രസ് ജേക്കബിന് ഒരു വാർഡിൽ പോലും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മൂന്നിടത്ത് തനിച്ച് മത്സരിക്കുന്നു. ചക്കിട്ടപാറ പഞ്ചായത്തിൽ 11-ാം വാർഡിൽ പാർട്ടി ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കിയാണ് മത്സരിക്കുന്നത്. ആയഞ്ചേരി പഞ്ചായത്തിലും കടമേരി ബ്ലോക്ക് പഞ്ചായത്തിലും യൂത്ത് ഫ്രണ്ട് നേതാവ് ഷഫീഖ് ആണ് ജനവിധി തേടുന്നത്.
കുന്നുമ്മൽ ബ്ലോക്കിൽ വേളം ഡിവിഷനിൽ പാർട്ടി നേതാവ് യൂസഫുമാണ് മത്സരിക്കുന്നത്. ഇവർക്ക് പാർട്ടി ചിഹ്നവും അനുവദിച്ചിട്ടുണ്ട്. പിന്തിരിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വം ശ്രമം തുടരുന്നുണ്ട്. അതിനിടെ ചക്കിട്ടപാറയിൽ രാജൻ വർക്കി വേറിട്ട പ്രചാരണവുമായി രംഗത്തുണ്ട്. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ രണ്ട് കടകൾക്കുമുന്നിൽ നാലുമാസം മുമ്പ് വലിയ ഗർത്തങ്ങൾ ഉണ്ടാക്കുകയുണ്ടായി. ഇത് എന്തിനാണെന്നും ആരാണെന്നും ചോദിക്കുന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കിയായിരുന്നു രാജൻ വർക്കിയുടെ പ്രചാരണം.
ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമിക്കുമ്പോൾ റോഡിന്റെ വീതി നിയമാനുസൃതം കൃത്യമായി നിർണയിക്കണമെന്ന് കടയുടമകൾ പറഞ്ഞിരുന്നു. അതിനു ശേഷമാണു ആരുടേയോ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ഷോപ്പിനു മുമ്പിൽ ജനങ്ങളുടെ പോക്കു വരവിനു തടസമുണ്ടാക്കി ആഴമുള്ള കുഴിയുണ്ടാക്കിയതെന്ന് രാജൻ വർക്കി പറയുന്നു. വാഹനങ്ങൾക്കും ആളുകൾക്കും കടന്നു പോകാൻ ഇവിടെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.