കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ കാടുമൂടിയ നിലയിൽ
നന്മണ്ട: ഫെബ്രുവരി മാസം കഴിയാറായിട്ടും കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ തുറക്കാത്തത് പുഞ്ച കർഷകരെ ആശങ്കയിലാഴ്ത്തുന്നു. 90-120 ദിവസം കൊണ്ട് വിളവെടുക്കേണ്ട നെൽകൃഷി ഇപ്പോൾ വാടി ഉണങ്ങിക്കൊണ്ടിരിക്കുകയാണ്.
കൃഷിചെയ്ത പാടങ്ങൾ വറ്റിവരണ്ടു. കിണറുകളിൽ മോട്ടോർ വെച്ച് താൽക്കാലിക ആശ്വാസം കണ്ടെത്തുന്നുണ്ടെങ്കിലും വേനൽ പാരമ്യത്തിലായതോടെ എത്രനാൾ കിണറുകളിലെ വെള്ളത്തെ ആശ്രയിക്കാനാകും എന്ന ആധിയിലാണ് കർഷകർ.
ചീക്കിലോട്, കൊളത്തൂർ പ്രദേശങ്ങളിലെ കർഷകരാണ് ഏറെയും പ്രയാസത്തിലായത്. കൊളത്തൂരിലെ കുറുന്താർ പാടശേഖര സമിതി 50 ഏക്കറയിലധികം കനാലിനെ ആശ്രയിച്ച് മാത്രം നെൽകൃഷി ചെയ്തുവരുന്നു.
ഇവിടെ ജലലഭ്യത കുറഞ്ഞതോടെ പുഞ്ചകൃഷി ഓരോ നാൾ പിന്നിടുമ്പോഴും ഉണങ്ങിക്കൊണ്ടിരിക്കുകയാണ്. സാധാരണ നിലയിൽ ജനുവരി മാസമായാൽ കനാലിെൻറ അറ്റകുറ്റപ്പണി തുടങ്ങി മാസാവസാനത്തോടെ തുറക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ കനാൽ തുറക്കാനുള്ള ഒരു സംവിധാനവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് കർഷകർ പറയുന്നു.
കനാൽ കാടുമൂടി മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്. കനാൽ പരിസരത്തെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റി ക്കൊണ്ടിരിക്കുകയാണ്. വേനലിലും ജലക്ഷാമം എന്തെന്നറിയാത്തവരായിരുന്നു ചീക്കിലോട്, കൊളത്തൂർ നിവാസികൾ. ചീക്കിലോട് ഭാഗത്ത് ഒട്ടേറെ കാർഷിക വിളകളാണ് വാടിക്കരിഞ്ഞു കൊണ്ടിരിക്കുന്നത്. കനാലും ഫീൽഡ് ബോത്തിയും തുറന്നാലെ ഗ്രാമപ്രദേശത്തെ പച്ചപ്പ് വീണ്ടെടുക്കാൻ കഴിയു.
അധികൃതരുടെ നിലപാടിൽ കർഷകർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.