കുന്ദമംഗലം: ജില്ലയിൽ ഹരിതകർമ സേന പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്രതിമാസ യൂസർ ഫീ ഹരിത കർമ സേനക്ക് ലഭിക്കുന്നതിനുവേണ്ടിയും കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേന അംഗങ്ങളുടെ പ്രത്യേക യോഗം സംഘടിപ്പിച്ചു. ജില്ലതല അവലോകന യോഗത്തിൽ യൂസർ ഫീ കലക്ഷനിൽ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേക്കാൾ പുറകിലായതിനാലാണ് ഹരിത കർമ സേനാംഗങ്ങളുടെ കൂടിയിരിപ്പ് പ്രത്യേകമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വിളിച്ചു ചേർത്തത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോ. ഡയറക്ടർ പി.ടി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ഇന്റേണൽ വിജിലൻസ് ഓഫിസർ ടി. ഷാഹുൽ ഹമീദ്, ഡിസ്ട്രിക്ട് എംപവർമെന്റ് ഓഫിസർ ഡോ. പ്രിയ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗോകുൽ പി. ഉണ്ണികൃഷ്ണൻ, അസി. സെക്രട്ടറി കെ. സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജലി, ഹരിതകർമ സേന പ്രസിഡന്റ് സുബൈദ, സെക്രട്ടറി ഗിരിജ എന്നിവർ സംസാരിച്ചു.
എല്ലാ മാസവും യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിയമപരമായി നടപടി സ്വീകരിച്ച് ഹരിത കർമ സേന പ്രവർത്തനം 100 ശതമാനം ആക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തന രൂപരേഖ തയാറാക്കി. പ്രതിമാസം യൂസർ ഫീ നൽകാത്തവരിൽ നിന്ന് നടപടി സ്വീകരിച്ച് ആയിരം മുതൽ പതിനായിരം രൂപ വരെ പിഴ ചുമത്തുവാൻ പഞ്ചായത്തിന് അധികാരമുണ്ട്. ഹരിത കർമസേന പ്രവർത്തകർ വീടുകളിലും കടകളിലും പാഴ് വസ്തുക്കളുടെ ശേഖരണത്തിന് വന്നാൽ യൂസർ ഫീ നൽകാതെ തിരിച്ചയക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.