മുക്കം: മുക്കം നഗരസഭയിൽ പ്രതീക്ഷയോടെ എൽ.ഡി.എഫും യു.ഡി.എഫും. 1963 ലാണ് മുക്കം ഗ്രാമ പഞ്ചായത്തായി നിലവിൽ വന്നത്.തുടർന്ന് ഏറെക്കാലം യു.ഡി.എഫിന്റെ ഉരുക്കു കോട്ടയായിരുന്നു. 2001 ൽ നടന്ന തെരഞ്ഞെടപ്പിൽ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. 2015ൽ മുക്കം ഗ്രാമ പഞ്ചായത്ത് നഗരസഭയായി. വി.കുഞ്ഞൻ മാസ്റ്ററായിരുന്നു ആദ്യ ചെയർമാൻ.
രണ്ടര പതിറ്റാണ്ടായി തുടരുന്ന ഭരണം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. എന്നാൽ വർഷങ്ങൾക്ക് മുമ്പ് കൈവിട്ട ഭരണം ഇത്തവണ തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നു. വികസന പ്രവൃത്തികൾ ഉയർത്തിക്കാണിച്ചാണ് എൽ.ഡി.എഫ് ഭരണത്തുടർച്ച അവകാശപ്പെടുന്നത്. നഗര സൗന്ദര്യവത്കരണം, തൃക്കുടമണ്ണ ടൂറിസം പദ്ധതി, ലൈഫ് ഭവന പദ്ധതി, മാലിന്യ മുക്ത മുക്കത്തിനായി ഏർപ്പെടുത്തിയ വിവിധ പദ്ധതികൾ, കാർഷിക മേഖലയിലും ക്ഷീരമേഖലയിലും കൊണ്ടുവന്ന വ്യത്യസ്ത പദ്ധതികൾ തുടങ്ങിയവ പ്രധാന നേട്ടങ്ങളായി നഗരസഭ അവകാശപ്പെടുന്നു.
എം.എൽ.എ ഫണ്ട് വഴി 120 കോടിയോളം രൂപ നഗരസഭയിൽ വ്യത്യസ്ത മേഖലകളിലായി വിനിയോഗിക്കാൻ കഴിഞ്ഞതും നേട്ടമായി കാണുന്നു. ഇരുവഴിഞ്ഞിയുടെ തീരത്ത് മുക്കം പാലത്തിനു സമീപത്തായി നിലകൊള്ളുന്ന മുക്കം മിനി പാർക്ക് നഗര സൗന്ദര്യവൽക്കരണത്തിന്റെ തിളങ്ങുന്ന അടയാളമായി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, വികസന മുരടിപ്പും അഴിമതിയുമാണ് യു.ഡി.എഫ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. മാലിന്യ സംസ്കരണ പദ്ധതിയിലടക്കം ലക്ഷങ്ങളുടെ അഴിമതി നടന്നതായി യു.ഡി.എഫ് പറയുന്നു.
മുക്കത്തും പരിസരത്തും കാലങ്ങളായി മുടങ്ങിക്കിടക്കുന്ന കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായില്ലെന്നത് പ്രധാന ആക്ഷേപമാണ്. നഗരസഭ കാര്യാലയ കെട്ടിടം പരിമിതികളാൽ വീർപ്പുമുട്ടുകയാണെന്ന പരാതി ഏറെകാലമായുണ്ട്. നഗരസഭ എന്ന തലത്തിലേക്ക് ഉയർന്നിട്ടും പഴയ പഞ്ചായത്തിന്റെ കെട്ടിടം തന്നെയാണ് നിലവിലുള്ളത്. ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും കച്ചവടക്കാർക്കും ഉപയോഗിക്കാൻ കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു പോയത് പ്രധാന പോരായ്മയായി യു.ഡി.എഫ് ഉന്നയിക്കുന്നു. അടിസ്ഥാന വികസനങ്ങൾ തന്നെ അപൂർണമായി കിടക്കുകയാണെന്നും ഡിസംബർ 11നുള്ള ജനവിധിയിലൂടെ ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്നും അവർ കണക്കുകൂട്ടുന്നു.
ഇത്തവണ ഒറ്റക്ക് മത്സരിക്കുന്ന വെൽഫെയർ പാർട്ടി ആറ് ഡിവിഷനുകളിലാണ് സ്ഥാനാർഥികളെ നിർത്തിയത്. ശക്തികേന്ദ്രമായ ചേന്ദമംഗല്ലൂർ മേഖലയിൽ ഉൾപ്പെടെ മത്സരിക്കുന്ന മുഴുവൻ സീറ്റിലും വിജയിച്ച് നിർണായക ശക്തിയായി മാറാനാവുമെന്ന് വെൽഫെയർ പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണ രണ്ട് ഡിവിഷനുകളിൽ വിജയിച്ച ബി.ജെ.പി ഇത്തവണ അംഗബലം വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. 21ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്.
നിലവിൽ 33 ഡിവിഷനുകളുള്ള മുക്കം നഗരസഭക്ക് വാർഡ് വിഭജനത്തിൽ ഒരു ഡിവിഷൻ കൂടി.അധ്യക്ഷ സ്ഥാനം വനിതാ സംവരണമായത് പല പ്രമുഖരുടെയും മോഹങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. കേവല ഭൂരിപക്ഷം മാത്രം നേടിയാണ് നിലവിലെ ഇടതു ഭരണം അഞ്ചുവർഷം തികച്ചത്. അതിൽ തന്നെ ഭരണത്തെ പിടിച്ചുനിർത്തിയ ലീഗ് വിമതൻ ഈ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സര രംഗത്തുണ്ട്. നഗരസഭയുടെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.നിലവിൽ ഇടതുപക്ഷത്തിന് 15 കൗൺസിലർമാരും വെൽഫെയർ പാർട്ടിയുടെ മൂന്ന് അംഗങ്ങളടക്കം യു.ഡി.എഫിന് 15ഉം ബിജെപിക്ക് രണ്ട് അംഗങ്ങളമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.