കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തി. കുടുംബയോഗങ്ങൾ പ്രാധാന്യം നൽകിയുള്ള മൂന്നാംഘട്ട പ്രചാരണത്തിലേക്കാണ് സ്ഥാനാർഥികൾ. ഇന്ന് വൈകീട്ട് നാലിന് കൊടുവള്ളിയിൽ യു.ഡി.എഫ് റാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സംബന്ധിക്കും. നഗരസഭയിൽ ഈ തെരഞ്ഞെടുപ്പിനെ വേറിട്ടുനിർത്തുന്നത്, വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും എൽ.ഡി.എഫ് സ്ഥാനാർഥികൾക്കിടയിലെ ചിഹ്നമാറ്റവുമാണ്.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് നഗരസഭ കടുത്തവിവാദത്തിലേക്ക് നീങ്ങിയത്. യു.ഡി.എഫ് ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾ, നൂറുകണക്കിന് വോട്ടർമാരെ രാഷ്ട്രീയപ്രേരിതമായി വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുകയോ ഡിവിഷനുകൾ മാറ്റി ഉൾപ്പെടുത്തുകയോ ചെയ്തുവെന്നായിരുന്നു ആരോപണം. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ നീക്കം എൽ.ഡി.എഫ്പക്ഷത്തുനിന്നാണ്. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ എൽ.ഡി.എഫ് സ്ഥാനാർഥികൾ പാർട്ടി ചിഹ്നം ഒഴിവാക്കി നാഷനൽ സെക്കുലർ കോൺഫറൻസിന്റെ ‘ഗ്ലാസ്’ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ലീഗിന്റെ സ്വാധീനമേഖലയായ കൊടുവള്ളിയിൽ, വോട്ടർമാർക്ക് സമ്മർദമില്ലാതെ വോട്ട് ചെയ്യാനുള്ള അവസരമൊരുക്കാനും, യു.ഡി.എഫ് വിമതരെ ആകർഷിക്കാനും വേണ്ടിയുള്ള എൽ.ഡി.എഫിന്റെ തന്ത്രപരമായ നീക്കമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെ വികസനമുരടിപ്പാണ് എൽ.ഡി.എഫ് പ്രധാന പ്രചാരണ ആയുധമാക്കുന്നത്. സ്വന്തമായി ആസ്ഥാന മന്ദിരംപോലും ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയാണ് കൊടുവള്ളിയെന്ന ദുരവസ്ഥ അവർ ചൂണ്ടിക്കാണിക്കുന്നു. വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും, വോട്ടർപട്ടികാ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്ന് ആരോപിച്ചുമാണ് യു.ഡി.എഫ് പ്രതിരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.