തള്ള് തള്ള്.. തള്ള് തള്ള്.. തള്ളിക്കൊട് വണ്ടീ... ഡീസൽ തീർന്ന പൊലീസ് വണ്ടി തള്ളി കെ റെയിൽ സമരക്കാർ -VIDEO

കോഴിക്കോട്: കെ റെയിലിനെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ നടന്ന യൂത്ത് കോൺഗ്രസ് സമരം നേരിടാൻ സർവ സന്നാഹങ്ങളുമായി എത്തിയതായിരുന്നു പൊലീസ്. സമരം കൊടുമ്പിരികൊണ്ടു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ കൊണ്ടുപോകാൻ നോക്കുമ്പോൾ പക്ഷേ, പൊലീസ് വണ്ടി അനങ്ങുന്നില്ല. ഡീസലില്ലാതെ വണ്ടി എങ്ങനെ നീങ്ങും? ലാത്തിയും വടിയുമൊക്കെ എടുത്ത് വരുന്നതിനിടെ വണ്ടിയിൽ ആവശ്യത്തിന് ഡീസലടിക്കണമെന്ന കാര്യം മാത്രം മറന്നുപോയി.

പിന്നെ ഒന്നും നോക്കിയില്ല, പൊലീസുകാർ ഒത്തുചേർന്ന് ബസ് തള്ളാൻ തുടങ്ങി. എന്നിട്ടും വണ്ടി നീങ്ങുന്നില്ല. സംഗതി തങ്ങളെ അറസ്റ്റ് ചെയ്യാൻ വന്നതാണെങ്കിലും പൊലീസുകാർ ഇങ്ങനെ കഷ്ടപ്പെടുന്നത് സമരക്കാർക്ക് സഹിച്ചില്ല. ഉടൻ തന്നെ അവരും 'തള്ളി'ൽ പങ്കുചേർന്നു. ഒപ്പം 'തള്ള് തള്ള്.. തള്ള് തള്ള്.. തള്ളിക്കൊട് വണ്ടീ...', 'അയ്യയ്യേ ഇത് നാണക്കേട്' തുടങ്ങിയ പാട്ടും മുദ്രാവാക്യവുമൊക്കെ വാനിലുയർന്നു.

'എന്താ സാറേ, വണ്ടീം കൊണ്ടുവരുമ്പോ എണ്ണയൊക്കെ അടിക്കണ്ടേ?' എന്ന് ഒരു സമരക്കാരൻ ചോദിച്ചപ്പോൾ, കൂടെയുള്ളയാൾ പിന്തിരിപ്പിച്ചു: 'അവരെ പറഞ്ഞിട്ടെന്താ കാര്യം.. അവർ അവരുടെ പണിയെടുക്കുന്നു' എന്നായിരുന്നു അയാളുടെ ഇടപെടൽ. ഒരുവിധം വണ്ടി തള്ളിയൊതുക്കിയതോടെ പൊലീസ് വീണ്ടും പഴയ പൊലീസായി. സമരക്കാരെ ഓടിച്ചിട്ട് പിടിക്കാൻ തുടങ്ങി. അറസ്റ്റിലായ ടി. സിദ്ധീഖ് അടക്കമുള്ളവ​രെ മറ്റൊരു വാഹനത്തിൽ സ്റ്റേഷനിലേക്ക് മാറ്റി.

ജല പീരങ്കിയടക്കം പ്രയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പൊലീസ് നേരിട്ടത്. കലക്ട്രേറ്റ് വളപ്പിൽ പ്രതീകാത്മകമായി കെ റെയിൽ കുറ്റി സ്ഥാപിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ഒടുവിൽ കലക്ട്രേറ്റിലേക്ക് കയറാൻ സാധിക്കാത്ത പ്രവർത്തകർ ബാരിക്കേഡിനിപ്പുറത്ത് കെ റെയിൽ കുറ്റി സ്ഥാപിച്ചീ. രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാൻ തയ്യാറാകാത്ത പ്രവർത്തകർക്കെതിരെ രണ്ടുതവണ ഗ്രനേഡും പ്രയോഗിക്കിച്ചു.

ടി. സിദ്ധീഖ് എം.എൽ.എ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെവിടെയും കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലക്ട്രേറ്റുകളിലേക്ക് സമാനമായ രീതിയിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് കെ-റെയിലിനെതിരെ നടക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇന്ന് തൃശൂർ ജില്ലയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ട്രേറ്റ് ഉപരോധിച്ചു. ഉപരോധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലക്കാടും സമാനമായ പ്രതിഷേധം നടന്നു.


Full View

Tags:    
News Summary - K Rail protesters push police bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.