കോഴിക്കോട്: ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. രോഗ അതിവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ നാലു ക്ലസ്റ്ററുകൾ രൂപപ്പെട്ടു. കിഴക്കോത്ത് പഞ്ചായത്ത്, കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട്, മരുതോങ്കര, വാണിമേൽ എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. നാലു ക്ലസ്റ്ററുകളിലായി 165 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കിഴക്കോത്ത് പഞ്ചായത്തിൽ 90, കുണ്ടുതോട്, മരുതോങ്കര ഭാഗങ്ങളിലായി 60, വാണിമേലിൽ 15 പേർക്കുമാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കിഴക്കോത്ത് പഞ്ചായത്തിൽ പന്നൂർ മേഖലയിൽ കുന്നോത്തുവയൽ കുടിവെള്ള പദ്ധതി ഗുണഭോക്താക്കൾക്കാണ് രോഗം പിടിപെട്ടത്.
കുണ്ടുതോട്, മരുതോങ്കര, വാണിമേൽ എന്നിവിടങ്ങളിൽ സൽക്കാരങ്ങളിലെ ഭക്ഷണത്തിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കിഴക്കോത്ത് പഞ്ചായത്തിൽ ഇതുവരെയും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല.
രോഗബാധിതർ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം കോഴിക്കോട് കോർപറേഷനിലും കൊമ്മേരിയിലും കുടിവെള്ളപദ്ധതിയിൽ നിന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്ത് നടന്ന വിവാഹ സൽക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലും നിരവധി പേര്‍ക്ക് അസുഖബാധയുണ്ടായി. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
വാര്‍ഡുകളിലും സ്കൂള്‍ തലങ്ങളിലുമായി ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നുണ്ട്. രോഗം കൂടുതല്‍ പേരിലേക്ക് പകരാതെ എത്രയും വേഗം പിടിച്ചുകെട്ടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസറും നിര്‍ദേശം നല്കി. മഴക്കാലമായതിനാൽ തോടുകളും പുഴകളും നിറഞ്ഞുകവിഞ്ഞ് കുടിവെള്ള സ്രോതസ്സുകളുമായി കൂടിക്കലരുന്നത് ശ്രദ്ധിക്കണം.
ഇത്തരം വെള്ളം ഭക്ഷ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. രോഗലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സാരീതികൾ സ്വീകരിക്കുക.
കോഴിക്കോട്: മഞ്ഞപ്പിത്തം (ഹെപറ്റൈറ്റിസ് എ) അത്ര നിസ്സാരമായി കാണരുത്. ഒന്നര വർഷമായി ഹെപറ്റൈറ്റിസ് എ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ജില്ലയിൽ സമീപ ദിവസങ്ങളിലായി രണ്ടു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേയ് മാസം സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് 11 പേരാണ് മരിച്ചത്. ഈ വർഷം 35 പേർ സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡിന് ശേഷം യുവാക്കളിൽ മഞ്ഞപ്പിത്ത മരണനിരക്ക് വർധിക്കുന്നതായും ഡോക്ടർമാർ പറയുന്നു. മഞ്ഞപ്പിത്തം കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ പ്രാരംഭഘട്ടത്തിൽതന്നെ ചികിത്സ ലഭിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാവുകയും മരണത്തിന് കാരണമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.