കോഴിക്കോട്: ജല്‍ ജീവന് മിഷന് പ്രവൃത്തിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ തുക കൈമാറാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതായി ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജല്‍ ജീവന് മിഷന് ജില്ലതല ജല ശുചിത്വമിഷന് യോഗത്തില്‍ ജില്ലയിലെ പദ്ധതികളുടെ അവലോകനത്തിനിടയൊണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ ജല്‍ ജീവന് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിലെ താന്നികോട്ടുമലയില്‍ ജലസംഭരണി നിര്‍മിക്കുന്നതിനായി കണ്ടെത്തിയ 76 സെന്റ് സ്ഥലത്തിന്റെയും അതിലേക്കുള്ള വഴിയുടെയും ചെലവ് പദ്ധതിയില്‍ ഉള്‍പ്പെട്ട എട്ടു പഞ്ചായത്തുകള്‍ വഹിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകള്‍ ഇതുവരെ തുക കൈമാറാത്തതാണ് പ്രശ്നമായത്. ഓമശ്ശേരി പഞ്ചായത്തില്‍ ജലസംഭരണി നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലം പഞ്ചായത്ത് ജല അതോറിറ്റിക്ക് കൈമാറാത്തതും യോഗത്തില്‍ ചര്‍ച്ചയായി. മൂന്ന് പഞ്ചായത്തുകളുടെയും അടിയന്തര യോഗം ജില്ല കലക്ടര്‍ വിളിച്ചുചേര്‍ക്കും.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല അതോറിറ്റി മുഖേന നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ജലസംഭരണി സ്ഥലത്തേക്ക് പൈപ്പ്ലൈന് നിര്‍മിക്കാന്‍ ബി.എസ്.എൻ.എല്ലിന്റെ അധീനതയിലുള്ള സ്ഥലം ജല അതോറിറ്റിക്ക് ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്ററേഷന്‍ തുക അടച്ച ആറ് റോഡുകള്‍ ജലവിഭവ വകുപ്പിന് കൈമാറാനും കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എല്‍.എസ്.ജി.ഡി അഡീഷനല്‍ ഡയറക്ടര്‍ രാര രാജ്, എക്സിക്യൂട്ടിവ് എൻജിനീയര്‍ സുരേഷ്, ഡി.എഫ്.ഒ യു. ആഷിക്ക് അലി, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍, ബി.എസ്.എൻ.എല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.