എം. കെ മുനീർ
കോഴിക്കോട്: കഴിഞ്ഞ തവണ യു.ഡി.എഫിനെ കൈവിട്ട കോഴിക്കോട് സൗത്ത് മണ്ഡലം തിരിച്ചുപിടിക്കാൻ ലീഗ് ഇത്തവണ എം.കെ. മുനീറിനെ തന്നെ കളത്തിലിറക്കിയേക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമാവുമ്പോൾ മുനീർ തന്നെയാണ് സാധ്യതാലിസ്റ്റിൽ ഒന്നാമൻ. അല്ലെങ്കിൽ കെ.എം. ഷാജി, എം.എ. റസാഖ് മാസ്റ്റർ, ടി.ടി. ഇസ്മായിൽ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. 2008ൽ വാർഡ് പുനർവിഭജനശേഷമാണ് ഇത് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലമായി അറിയപ്പെടുന്നത്.
2016ൽ മുനീർ ഈ മണ്ഡലത്തിൽ എതിർ സ്ഥാനാർഥി ഐ.എൻ.എല്ലിലെ എ.പി. അബ്ദുൽ വഹാബിനെ 6327 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അതേ സമയം കഴിഞ്ഞ തവണ മുനീർ മണ്ഡലം മാറി കൊടുവള്ളിയിലേക്ക് പോയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് മുസ്ലിം ലീഗിലെ നൂർബിന റഷീദ് ആണ്. എതിർ സ്ഥാനാർഥി ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർ കോവിൽ 12469 വോട്ട് ഭൂരിപക്ഷത്തിന് നൂർബിനയെ തോൽപിക്കുകയും മന്ത്രിയാവുകയും ചെയ്തു. പി.എം അബൂബക്കർ, പി.എം.എ. സലാം, കോൺഗ്രസിലെ കാളപ്പള്ളി മാധവമേനോൻ, സി.പി. കുഞ്ഞു, എളമരം കരീം, ടി.പി.എം. സാഹിർ തുടങ്ങിയവരെല്ലാം ഈ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്.
1991ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മുനീർ ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പോടെ ഈ മണ്ഡലം കൂടുതൽ സുരക്ഷിതമാണെന്ന് യു.ഡി.എഫിന് ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. മുനീറിനാവട്ടെ അനുകൂലമായ വോട്ട്ബാങ്ക് ഇവിടെയുണ്ട്.
കോർപറേഷൻ മണ്ഡലത്തിലെ 23 വാർഡുകളിൽ 12 എണ്ണം യു.ഡി.എഫിനെ തുണച്ചപ്പോൾ, എൽ.ഡി.എഫ് അഞ്ച് വാർഡുകളിൽ ഒതുങ്ങി. ആറ് വാർഡുകൾ ബി.ജെ.പിക്ക് ലഭിച്ചു. 32913 വോട്ടുകളാണ് യു.ഡി.എഫ് സൗത്ത് നിയോജകമണ്ഡലത്തിലെ വാർഡുകളിൽ നിന്ന് നേടിയത്. എൽ.ഡി.എഫ് 7760 വോട്ടുകളും എൻ.ഡി.എ 7989 വോട്ടുകളും നേടി. പാളയം, മേത്തോട്ട് താഴം, കുറ്റിയിൽതാഴം പൊക്കുന്ന്, പറയഞ്ചേരി വാർഡുകളാണ് എൽ.ഡി.എഫ് നേടിയത്. പയ്യാനക്കൽ, ചക്കും കടവ്, കുറ്റിച്ചിറ, മുഖദാർ, കിണാശ്ശേരി, ആഴ്ചവട്ടം, കല്ലായി, മീഞ്ചന്ത, തിരുവണ്ണൂർ, കൊമ്മേരി, നദീനഗർ, ചക്കുംകടവ് വാർഡുകളിലാണ് യു.ഡി.എഫ് ജയിച്ചത്.
ചാലപ്പുറം, പുതിയറ, കുതിരവട്ടം, പൊറ്റമ്മൽ, മാവൂർ റോഡ്, പന്നിയങ്കര വാർഡുകൾ എൻ.ഡി.എ നേടി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ നേടിയ ഭൂരിപക്ഷം 12448 ആണ്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എം.കെ. രാഘവൻ നേടിയ ഭൂരിപക്ഷം 23,000 ആണ്. 2019ലെ കണക്ക് പ്രകാരം സൗത്ത് നിയോജക മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 1,49,054 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.