കോഴിക്കോട്: പ്രകൃതിയോടിണങ്ങി, പച്ചപ്പ് നിറച്ച്, പൗരാണികത നിലനിർത്തിയ നിർമിതികളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം തന്റെ കൈയൊപ്പ് ചാർത്തിയ ആർക്കിടെക്റ്റ് ആർ.കെ. രമേശ് ഇനി ഓർമ. ആധുനിക നിർമിതികളോട് കിടപിടിക്കുന്ന രീതിയിൽ ചുടുകട്ടയും ഓടും വെട്ടുകല്ലും ഉപയോഗിച്ചുള്ള പ്രകൃതസൗഹൃദ നിർമിതികളായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. 55 വർഷം മുമ്പ് കോഴിക്കോട് പാളയത്തെ ജയന്തി ബിൽഡിങ്ങിൽ ഓഫിസ് സ്ഥാപിച്ചാണ് രമേശ് നിർമാണ രൂപകൽപനയിലേക്ക് ഇറങ്ങിയത്.
മാനാഞ്ചിറ സ്ക്വയറും സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്ന കോഴിക്കോട് ബീച്ചും മിഠായിത്തെരുവുമുൾപ്പെടെയുള്ള കോഴിക്കോടിന്റെ അടയാളമായി മാറിയ നിർമിതികളിൽ ആർക്കിടെക്റ്റ് ആർ.കെ. രമേശിന്റെ കൈയൊപ്പുണ്ട്. നഗരത്തിൽ ഇവ നിലനിൽക്കുന്ന കാലത്തോളം രമേശ് എന്ന ആർക്കിടെക്റ്റിന്റെ സ്മരണകളും നിലനിൽക്കും. നഗരമധ്യത്തിൽ വിശാലമായ ചിറയും വടക്കു ഭാഗത്ത് അൻസാരി പാർക്കും കിഴക്ക് ഭാഗത്ത് ടാഗോർ പാർക്കും തെക്ക് മൈതാനവും മൈതാനത്തിനും പാർക്കുകൾക്കുമിടയിലൂടെ റോഡും ചേർന്ന ഭാഗമാണ് അദ്ദേഹം ഇന്ന് കാണുന്ന പച്ചത്തുരുത്താക്കിയ മാറ്റിയത്.
ശുദ്ധവായു ലഭിക്കുന്ന പച്ചപ്പുള്ള തുറന്ന സ്ഥലം നഗരമധ്യത്തിൽ വേണമെന്ന് അന്നത്തെ ജില്ല കലക്ടർ അമിതാഭ് കാന്തിന്റെ മനസ്സിലുദിച്ച ആശയം ആർ.കെ. രമേശിലൂടെ ഇന്നത്തെ മാനാഞ്ചിറ സ്ക്വയറായി പിറക്കുകയായിരുന്നു.
തണ്ണീർത്തടങ്ങൾക്കിടയിൽ സരോവരം ബയോപാർക്ക് നിർമിച്ചതിലും മിഠായിത്തെരുവിനെ കല്ലുവിരിച്ച് മനോഹരമാക്കിയതിലും ശിൽപങ്ങൾ സ്ഥാപിച്ചും ഇരിപ്പിടങ്ങൾ ഒരുക്കിയും സൗന്ദര്യവത്കരിച്ച് കോഴിക്കോടിനെ വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട നഗരമാക്കിയതിലും രമേശിന്റെ പങ്ക് വലുതാണ്. കാപ്പാട് വികസനം, കോർപറേഷൻ സ്റ്റേഡിയം, കെ.എസ്.ആർ.ടി.സി ടെർമിനൽ, കോർപറേഷൻ ഓഫിസ്, നഗരത്തിൽ തലയുർത്തി നിൽക്കുന്ന എണ്ണമറ്റ സ്വകാര്യ കെട്ടിടങ്ങൾ എന്നിവയെല്ലാം ആർ.കെ. രമേശിന്റെ ഭാവനയിൽ പിറന്നതാണ്.
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, തിരൂരിലെ തുഞ്ചൻ സ്മാരകം, ഗുരുവായൂരിൽ ദേവസ്വം ബോർഡിന്റെ പൂന്താനം ഓഡിറ്റോറിയം, മലപ്പുറം കോട്ടക്കുന്ന് പാർക്ക്, ധർമടം ദ്വീപിന്റെ വികസനം, മുഴുപ്പിലങ്ങാട് ബീച്ചിന്റെ വികസനം, തിരുവനന്തപുരത്തെ ഇ.എം.എസ് അക്കാദമി, തിരുവനന്തപുരത്തെ കൈരളി ടവർ, കാലിക്കറ്റ് കോർപറേഷൻ സ്റ്റേഡിയം തുടങ്ങിയ നിരവധി പദ്ധതികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.
കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ആർക്കിടെക്ടിൽ ബിരുദം നേടിയ അദ്ദേഹത്തിന്റ നിർമാണ വൈഭവം രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു.
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന് ഡൽഹിയിൽ വീട് നിർമിച്ചതും ആർ.കെ. രമേശായിരുന്നു. ചെലവ് കുറഞ്ഞ ഭവനനിർമാണത്തിനും അദ്ദേഹം പ്രോത്സാഹനം നൽകി. രാഷ്ട്രപതിയിൽനിന്ന് പഴശ്ശി രാജ രാജകീയ പുരസ്കാരം ‘നിർമാൻ പ്രതിഭ’ ലഭിച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.