മുറിച്ചിട്ട തണൽമരങ്ങൾക്കുചുറ്റും പ്രതിഷേധവലയം തീർക്കുന്ന വിദ്യാർഥികൾ
ഉള്ള്യേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾമുറ്റത്തെ തണൽമരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധക്കടൽ തീർത്ത് വിദ്യാർഥികളും നാട്ടുകാരും. സ്കൂളിന് ഭംഗിയും തണലും നൽകിയിരുന്ന നാല് മരങ്ങളാണ് അവധിക്കാലത്തിന്റെ മറവിൽ സ്കൂൾ മാനേജ്മെന്റ് മുറിച്ചുമാറ്റിയത്. തലമുറകൾക്ക് തണലേകിയ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. അവധികഴിഞ്ഞെത്തിയ കുട്ടികൾ തണൽമരത്തിനുതാഴെ സ്ഥാപിച്ചിരുന്ന സിമന്റ് ബെഞ്ചിൽ വെയിലത്തിരുന്ന് പ്രതിഷേധിച്ചത് നൊമ്പരക്കാഴ്ചയായി. ഹൈസ്കൂളിലെയും ഹയർസെക്കൻഡറിയിലെയും കുട്ടികൾ ക്ലാസുകൾ ബഹിഷ്കരിച്ചുകൊണ്ടാണ് പ്രതിഷേധപരിപാടികളിൽ പങ്കെടുത്തത്. പി.ടി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പംബർ പാടത്തിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, ബ്ലോക്ക് അംഗം പി. ഷാജി, പ്രിൻസിപ്പൽ ടി.പി. ദിനേശൻ, പ്രധാനാധ്യാപകൻ സത്യേന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ടി.എം. സത്യൻ, വിജയൻ മുണ്ടോത്ത്,
കെ.കെ. സുരേഷ്, പോടേരി ഹരിദാസൻ, രാജേന്ദ്രൻ കുളങ്ങര, പി.വി. ഭാസ്കരൻ കിടാവ്, ഇ.എം. ബഷീർ, വിശ്വനാഥൻ, ശശിധരൻ, അൻവർ, കെ.കെ. കുട്ടികൃഷ്ണൻ, ടി.എ. ശ്രീജിത്ത്, ജീന, പ്രാർഥന, ഡോണ എന്നിവർ സംസാരിച്ചു. പ്രതിഷേധസംഗമത്തിനുശേഷം ഉള്ള്യേരി അങ്ങാടിയിലേക്ക് ബഹുജനപ്രകടനം നടത്തുകയും ചെയ്തു. സംഭവമറിഞ്ഞ് അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ ചൊവ്വാഴ്ച സ്കൂളിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.