കോഴിക്കോട്: ശുചിത്വനഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ സ്ഥാപിച്ച മാലിന്യപ്പാത്രങ്ങളിൽ മലമൂത്ര വിസർജ്യമടക്കം തള്ളുന്നു. കുട്ടികളുടെ സ്നഗ്ഗി, സാനിറ്ററി പാഡ്, രോഗികൾ ഉപയോഗിക്കുന്ന ഡയപ്പർ എന്നിവയടക്കം റോഡരികിൽ സ്ഥാപിച്ച സ്റ്റീൽ ബിന്നുകളിൽ തള്ളുകയാണ്.
കോഴിക്കോട് കോർപറേഷൻ അഴക് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 900 സ്റ്റീൽ വേസ്റ്റ് ബിന്നുകളാണ് സ്ഥാപിച്ചത്. പൊതുയിടങ്ങളിലെ കടലാസ്, പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച് പാതയോരങ്ങളിൽ വൃത്തിയും വെടിപ്പും ഉറപ്പുവരുത്താനാണ് പദ്ധതി നടപ്പിലാക്കിയത്. പക്ഷേ, ജനങ്ങൾ ഇത് ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ വീടുകളിൽനിന്ന് മാലിന്യം എങ്ങനെയെങ്കിലും നീക്കം ചെയ്യുക എന്ന ചിന്തയേ പൊതുജനത്തിനുള്ളൂ. ചില കച്ചവടക്കാരെയും ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയിരുന്നു.
വീടുകളിലെ ഭക്ഷ്യ മാലിന്യമടക്കം പ്ലാസ്റ്റിക് കവറുകളിലാക്കി ബിന്നുകളിൽ ഇടാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പും സാമൂഹിക പ്രവർത്തകരും ഇത് കണ്ടുപിടിച്ച് നടപടി സ്വീകരിക്കാൻ കോർപറേഷൻ ആരോഗ്യവകുപ്പുമായി സഹകരിച്ചു. 25,000 രൂപയാണ് കുറ്റക്കാരിൽനിന്ന് ഈടാക്കുന്നത്. എന്നാൽ, ഇതിനെതിരെ ബോധവത്കരണം നടത്തിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. ഇപ്പോഴും ഇരുചക്ര വാഹനങ്ങളിൽ എത്തി മാലിന്യം തള്ളുന്നവരുണ്ട്. ഈയിടെയാണ് ഡയപർ, സാനിറ്ററി പാഡ് ഉൾപ്പെടെ ബിന്നുകളിൽ തള്ളാൻ തുടങ്ങിയത്.
ഇതിനെതിരെ മുനിസിപ്പൽ കണ്ടിൻജന്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമുയരുന്നുണ്ട്. പാവപ്പെട്ടവർക്ക് ഡയപ്പറുകൾ സംസ്കരിക്കാൻ കോർപറേഷൻ പണം അനുവദിക്കുന്നുണ്ട്. ഡയപ്പറുകൾ നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ മേയർക്കും ആരോഗ്യ വിഭാഗത്തിനും കത്ത് നൽകിയിട്ടുണ്ട്.
‘പൊതുജനാരോഗ്യത്തിന് ഭീഷണി’
അപകടകരമായ രീതിയിൽ പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന കാര്യം മറക്കരുതെന്ന് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ. ഡയപ്പർ ഉൾപ്പെടെ വേസ്റ്റ് ബിന്നുകളിൽ കൊണ്ടിടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടിച്ചാൽ 25,000 രൂപ പിഴ ചുമത്തും.
‘അപരിഷ്കൃത ജോലി തിരിച്ചുവരുന്നു’
നഗരങ്ങളിൽ മനുഷ്യ വിസർജ്യം തലയിൽ പേറുന്ന അപരിഷ്കൃത ജോലി നിരവധി പോരാട്ടങ്ങളിലൂടെ അവസാനിപ്പിച്ചതാണെന്നും ഇനിയും ആ ജോലി അടിച്ചേൽപിക്കരുതെന്നും സിറ്റി കോർപറേഷൻ വർക്കേഴ്സ് യൂനിയൻ എ.ഐ.ടി.യു.സി സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ. വേസ്റ്റ് ബിന്നുകളിൽ പൊതുജനം തള്ളുന്ന മലമൂത്ര മാലിന്യം നീക്കം ചെയ്യാൻ കോർപറേഷൻ അധികാരികൾ തൊഴിലാളികളെ നിർബന്ധിക്കുകയാണ്. വീടുകളിൽ സംസ്കരിക്കേണ്ട മാലിന്യം പാതയോരത്ത് തട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ജോലിയിൽനിന്ന് തൊഴിലാളികൾ വിട്ടുനിൽക്കുമെന്നും യൂനിയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.