കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ
പുനർലേലം ചെയ്താൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ വീണ്ടും നിയമക്കുരുക്കിലാകും
കോഴിക്കോട്: പുനർലേലം ചെയ്യാനുള്ള നടപടികളുമായി കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫൈനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) മുന്നോട്ടുപോയാൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങാൻ സാധ്യത. ബസ് ടെർമിനലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അലിഫ് ബിൽഡേഴ്സും കെ.ടി.ഡി.എഫ്.സിയും സർക്കാറുമായി വർഷങ്ങളായി വലിയ നിയമ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെ.ടി.ഡി.എഫ്.സി വീണ്ടും ലേലം ചെയ്യാനൊരുങ്ങുകയാണെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അലിഫ് ബിൽഡേഴ്സ് മാനേജിങ് പാർട്ണർ കെ. അബ്ദുൽ കലാം പ്രതികരിച്ചു. അലിഫ് ബിൽഡേഴ്സിന്‍റെ കോടികളുടെ ഫണ്ട് കെ.ടി.ഡി.എഫ്.സിയുടെ കൈവശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസം 43 ലക്ഷം രൂപയുടെ വാടകക്കാണ് അലിഫ് ബിൽഡേഴ്സ് കരാറിൽ ഒപ്പുവെച്ചത്. കൂടാതെ തിരിച്ചുനൽകേണ്ട എന്ന വ്യവസ്ഥയിൽ 17 കോടിയുടെ നിക്ഷേപവും അലിഫ് ബിൽഡേഴ്സിനുണ്ട്. കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിച്ച ശേഷം പുനർലേലം നടത്താനാണ് കെ.ടി.ഡി.എഫ്.സിയുടെ ആലോചന. അതുവഴി ലഭിക്കുന്ന വാടകയാണ് ലക്ഷ്യമിടുന്നത്.
75 കോടി രൂപയോളം മുടക്കി നിർമിച്ച കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് സർക്കാറിന് ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല. നിലവിൽ അഞ്ചുവർഷംകൊണ്ട് 87 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ സർക്കാറിന് വരുത്തിവെച്ചത്. വീണ്ടും ലേലം ചെയ്യാനുള്ള നീക്കം നിയമക്കുരുക്കിൽ പെട്ടാൽ സാമ്പത്തിക ബാധ്യത വർധിക്കാനാണ് സാധ്യതയും. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിത്തന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അലിഫ് ബിൽഡേഴ്‌സ് വാടക നൽകുന്നത് നിർത്തിവെക്കുകയും വിഷയം കോടതിയുടെ പരിഗണനയിലാവുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ഉടമകളായ കെ.ടി.ഡി.എഫ്.സി തന്നെ തീർക്കണമെന്നും അലിഫ് ബിൽഡേഴ്സിൽ നിന്ന് വാടക കുടിശ്ശിക ഈടാക്കണമെന്നുമാണ് അടുത്തിടെ ഹൈകോടതി വിധിച്ചത്. വാടക നൽകാതിരുന്നാൽ കരാർ വ്യവസ്ഥ പ്രകാരം അവർക്കെതിരെ നടപടിയെടുക്കാം എന്നും വിധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.