അടുപ്പിൽ ഉന്നതിയിലെ വീട് നിർമാണം പാതിവഴിയിൽ നിലച്ച നിലയിൽ
നാദാപുരം: സർക്കാർ ഏജൻസിയെ തള്ളി ബി.ജെ.പി ഏറ്റെടുത്ത അടുപ്പിൽ ഉന്നതിക്കാരുടെ വീട് നിർമാണം പാതിവഴിയിൽ. 2019ലെ വിലങ്ങാട് ആലിമൂല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ച അടുപ്പിൽ ഉന്നതിയിലെ 27 കുടുംബങ്ങൾക്കാണ് ഇനിയും വീട് ലഭിക്കാത്തത്. ദുരന്തഭീഷണിയിലെന്ന് ജില്ല ഭരണകൂടം സ്ഥിരീകരിച്ച അടുപ്പിൽ ഉന്നതിയിൽ തന്നെയാണ് ഈ കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നത്.
അടുപ്പിൽ ഉന്നതിക്കാർക്ക് സർക്കാർ ഏജൻസി വഴി നിർമിച്ച് കൈമാറിയ വീട്
സർക്കാർ എജൻസികളുടെ സഹായം നിരസിച്ച് ബി.ജെ.പി നിയന്ത്രണത്തിലുള്ള സംഘത്തിലൂടെ വീട് നിർമാണത്തിന് സമ്മതപത്രം നൽകിയ കുടുംബങ്ങളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. അടുപ്പിൽ കോളനിയിലെ 65 കുടുംബങ്ങളെയാണ് 2019ലെ ഒന്നാം വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ജില്ല ഭരണകൂടം മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. സർക്കാർ വിലക്ക് വാങ്ങിയ സ്ഥലത്ത് ഊരാളുങ്കൽ ലേബർ സൊസൈറ്റി വീട് നിർമാണ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിനിടെ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി പ്രാദേശിക നേതൃത്വം രംഗത്തെത്തുകയായിരുന്നു.
പ്ലാനിലെ അശാസ്ത്രീയതയും നിർമാണച്ചെലവും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധ സമരങ്ങളും അരങ്ങേറിയിരുന്നു. ഈ ഘട്ടത്തിലാണ് ബി.ജെ.പി അനുകൂലികളായ ഏതാനും കുടുംബങ്ങൾ ഇവർക്ക് നിർമാണച്ചുമതല നൽകിയുള്ള സമ്മതപത്രം നൽകിയത്. ഇതേ തുടർന്ന് 27 കുടുംബങ്ങളുടെ വീട് നിർമാണം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി.ജെ.പി നിയന്ത്രണത്തിലുള്ള സംഘം ഏറ്റെടുത്തു. എന്നാൽ, വീട് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് ബി.ജെ.പി നേതൃത്വം തങ്ങളെ വഞ്ചിച്ചുവെന്നാണ് ഇവർ ഇപ്പോൾ പറയുന്നത്.
വീടുകളുടെ കോൺക്രീറ്റ് മാത്രമാണ് പൂർത്തിയായത്. വയറിങ്, പ്ലംബിങ്, പ്ലാസ്റ്ററിങ് തുടങ്ങി അവസാനവട്ട പ്രവർത്തനങ്ങൾ മുഴുവൻ ബാക്കിയാണ്. രണ്ടു വർഷത്തോളമായി നിർമാണം പാതിവഴിയിൽ നിലച്ചത് കാരണം പരിസരം മുഴുവൻ കാടുമൂടി. സർക്കാർ ഏജൻസി മുഖേന കരാർ നൽകിയ മുഴുവൻ ആളുകളുടെയും നിർമാണം പൂർത്തിയാക്കുകയും താമസം തുടരുകയും ചെയ്യുമ്പോഴാണ് 27 കുടുംബങ്ങളുടെ ദുരവസ്ഥ. തകർന്ന ഉന്നതിയിലെ തകർന്നു വീഴാറായ വീടും പാതി പൂർത്തിയായ പുതിയ വീടും നോക്കി പകച്ചു നിൽക്കാനേ ഉന്നതിയിലെ ഈ കുടുംബത്തിന് കഴിയുന്നുള്ളൂ.
വീട് നിർമാണത്തിന് സർക്കാർ സഹായമായി ബാങ്കിലേക്ക് അയച്ച മുഴുവൻ തുകയും കമ്പനി കൊണ്ടുപോയതായും ഇവർ പറയുന്നു. എന്നാൽ ട്രൈബൽ വകുപ്പിൽ നിന്നും ലഭിക്കാനുള്ള പണം അനുവദിക്കാത്തതാണ് നിർമാണം വൈകുന്നതിന് കാരണമെന്നാണ് കരാർ ഏറ്റെടുത്തവർ പറയുന്നത്. നിർമാണം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകിയാൽ മാത്രമേ ട്രൈബൽ വകുപ്പ് ഫണ്ട് നൽകാറുള്ളുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.