പയ്യാനക്കൽ -പട്ടർതൊടി റോഡ് തകർന്ന നിലയിൽ - നദീനഗർ റോഡ്
കോഴിക്കോട്: നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പയ്യാനക്കൽ വാർഡിലെ റോഡുകളുടെ അവസ്ഥ ദയനീയം. പ്രധാനറോഡുകളും ഉപറോഡുകളും തകർന്നുകിടക്കുകയാണിവിടെ. കാൽനടയും ഗതാഗതവും ദുഷ്കരം. മഴ പെയ്താൽ റോഡുകളിലാകെ വെള്ളക്കെട്ട്. പയ്യാനക്കൽ -ചാമുണ്ഡി വളപ്പ്, പട്ടർതൊടി, നദീനഗർ റോഡുകളിൽ ദുരിതമേറെയാണ്. വർഷങ്ങളായി റോഡ് ദുരവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
കോതി റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ ഇതുവഴി വാഹനങ്ങളുടെ തിരക്കേറും. ഡെപ്യൂട്ടി മേയറുടെ വാർഡിൽ റോഡിന് അവഗണനയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പാർട്ടിയായ മുസ്ലിം ലീഗ് രംഗത്തുണ്ട്. പാവപ്പെട്ടവരും ദരിദ്രരും തിങ്ങിപ്പാർക്കുന്ന മേഖലകൾ അവഗണിക്കപ്പെടുകയാണെന്ന വിമർശനമുണ്ട്. നഗരത്തിലെ ഉൾഗ്രാമങ്ങളായതിനാൽ അധികൃതരുടെ ശ്രദ്ധ ഈ മേഖലയിൽ പതിയുന്നില്ല. അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരിഭവം.
പയ്യാനക്കൽ വാർഡിലെ ചാമുണ്ഡി വളപ്പ്, പട്ടർതൊടി, നദീനഗർ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇനിയും വൈകിയാൽ പ്രത്യക്ഷ സമരവുമായി രംഗത്തുവരുമെന്ന് പയ്യാനക്കൽ മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ റോഡിന് ഫണ്ട് അനുവദിച്ചതായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതല്ലാതെ നടപടി ആരംഭിച്ചിട്ടില്ലെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. നിരവധി തവണ വാർഡ് കൗൺസിലർകൂടിയായ ഡെപ്യൂട്ടി മേയർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. യൂത്ത് ലീഗ് ജനറൽ ബോഡി യോഗത്തിൽ കെ. ഹാരിസ് അധ്യക്ഷത വഹിച്ചു.
സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.വി. അവറാൻ ഉദ്ഘാടനം ചെയ്തു. മേഖല ലീഗ് പ്രസിഡന്റ് പി.വി. ഷംസുദ്ദീൻ, മേഖല ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സി. സമീർ, മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി എം.പി. സാജിദ് റഹ്മാൻ, മേഖല യൂത്ത് ലീഗ് ട്രഷറർ എൻ.വി. സുൽഫിക്കർ, കെ.എം. റഷീദ്, പി.വി. അബ്ദുല്ലക്കോയ, ടി. മുഹമ്മദ് മുസ്തഫ, കെ. മുഹമ്മദ് ഹാരിസ്, സി.പി. നജീബ്, വി.പി. റമീസ്, വി.പി. റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.