‘ഹൈലൈറ്റ് സൈബർ ടവർ’ 600 കോടിയുടെ നിക്ഷേപം; 10,000 തൊഴിലവസരങ്ങൾ
കോഴിക്കോട്: മലബാറിന്‍റെ ഐ.ടി മേഖലയിൽ വൻ കുതിപ്പിന് വഴിതുറക്കുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഐ.ടി സംരംഭമായ ‘ഹൈലൈറ്റ് സൈബർ ടവർ' ശിലാസ്ഥാപനം ഒക്ടോബർ മൂന്നിന് നടക്കുമെന്ന് മാനേജ്മെന്‍റ് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2.5 ഏക്കറിൽ ഒമ്പത് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന് കോഴിക്കോട് സൈബർപാർക്കിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ശിലയിടും. അടുത്ത വർഷങ്ങൾക്കുള്ളിൽ 12 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്പേസ് വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് സൈബർ ടവർ.
600 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിക്കുന്ന ടവർ, ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവക്ക് അനുയോജ്യമായ അത്യാധുനിക ഐ.ടി അടിസ്ഥാനസൗകര്യ സമുച്ചയമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളിൽ മലബാറിന് മികച്ച മുന്നേറ്റം നൽകുന്നതിനൊപ്പം പതിനായിരത്തിലധികം നേരിട്ടുള്ള ഐ.ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് പറഞ്ഞു.
മലബാറിന്റെ പ്രാദേശിക സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി. യുവാക്കൾക്ക് സ്വന്തം നാട്ടിൽതന്നെ ജോലിചെയ്യാനും വളരാനുമുള്ള സാധ്യതകളും അവസരങ്ങളുമാണ് സൈബർ ടവറിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇടങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്പേസ് പൂർണമായും ലീസ് നൽകാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിലാസ്ഥാപന ചടങ്ങിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, എം.കെ. രാഘവൻ എം.പി, കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, എം.എൽ.എമാരായ കെ. പ്രവീൺകുമാർ, എം.എ. റസാഖ് മാസ്റ്റർ, വി.കെ. ഫൈസൽ ബാബു, കെ. ജയന്ത്, പി.എം.എ. സമീർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ ഹൈലൈറ്റ് ബിൽഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്‌സ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ഓഫിസ് പാർക്സ് എക്സിക്യൂട്ടിവ് മേധാവി ഹാനു ഷെൽക്ക്, ഹൈലൈറ്റ് ഹോൾഡിങ്‌സ് കോർപറേറ്റ് ഹെഡ് സോണൽ സതീഷ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.