കോഴിക്കോട് -പറയഞ്ചേരി റോഡിൽ വെള്ളക്കെട്ട് ചാടിക്കടക്കുന്നവർ
കോഴിക്കോട്: പരക്കെ ദുരിതവും നാശവും വിതച്ച് ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. നാലുദിവസമായി തുടരുന്ന മഴയിൽ മണ്ണിടിഞ്ഞും മരങ്ങൾ മുറിഞ്ഞുവീണും വ്യാപക നാശമാണ് പലഭാഗത്തുമുണ്ടായിരിക്കുന്നത്. ശക്തമായ കാറ്റും മലയിടിച്ചിൽ ഭീഷണിയും തുടരുന്ന ജില്ലയിൽ റെഡ് അലർട്ടും തുടരുകയാണ്.
മലയോര മേഖലകളിലടക്കം പുഴകൾ നിറഞ്ഞു കവിയുന്നത് ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും മുൻകരുതൽ നടപടി സ്വീകരിച്ച് ജില്ല ഭരണകൂടം ആശങ്ക അകറ്റുന്നുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും ദുരന്തനിവാരണസേനയും ജാഗരൂകരായി സജീവമായി രംഗത്തുണ്ട്. മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികളിൽ വീണ് മിക്ക പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു.
കനത്തമഴയിൽ ആയഞ്ചേരി പൈങ്ങോട്ടായി പുലച്ചാർക്കണ്ടി മാതുവിന്റെ വീട് തകർന്നു. തിരുവള്ളൂർ കോട്ടപ്പള്ളി പള്ളിമുക്കിൽ വായേരി നസുറുദ്ദീന്റെ വീടിനു മുകളിൽ മരം കടപുഴകി ഭാഗികമായി തകർന്നു. മരുതോങ്കരയിൽ മൂന്നിടങ്ങളിൽ റോഡിൽ മരം പൊട്ടിവീണ് ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ തകർന്നു. ജനകീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.
ഞായറാഴ്ച രാത്രി കക്കട്ടിൽ വട്ടോളിയിൽ കനാലിൽ നിയന്ത്രണംവിട്ട് കാർ വീണു. യാത്രക്കാർ രക്ഷപ്പെട്ടു. കനത്ത മഴയിലും കാറ്റിലും താഴെ പടനിലത്ത് കൂറ്റൻ പരസ്യ ബോർഡ് റോഡിലേക്ക് വീണ് ഏറെനേരം പടനിലം-പിലാശ്ശേരി റോഡിൽ ഗതാഗതം മുടങ്ങി. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വടകര ഭാഗത്ത് 20ഓളം വീടുകളിൽ വെള്ളം കയറി. കക്കോടി, ചേളന്നൂർ, എലത്തൂർ ഭാഗങ്ങളിൽ വെള്ളക്കെട്ടുമൂലം ജനങ്ങൾ ദുരിതത്തിലായി. തലക്കുളത്തൂരിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശമുണ്ടായി. ചാലിയാറും ചെറുപുഴയും കരകവിഞ്ഞതിനെത്തുടർന്ന് മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് മൂന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ കച്ചേരിക്കുന്ന് അബ്ദുൽ ലത്തീഫ്, പുലിയപ്പുറം സത്യൻ, പുലിയപ്പുറം ശ്രീധരൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കോഴിക്കോട്- മുക്കം റോഡിൽ വെസ്റ്റ് മാമ്പറ്റയിൽ കുറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇരുവഴിഞ്ഞി കരകവിഞ്ഞതിനെത്തുടർന്ന് കൊടിയത്തൂരിലെ താഴ്ന്ന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കൊടിയത്തൂർ കാരാട്ട് റോഡ്, എള്ളങ്ങൾ വെസ്റ്റ് കൊടിയത്തൂർ റോഡ് എന്നിവ വെള്ളത്തിനടിയിലായി. നടുവണ്ണൂരിൽ രാമൻ പുഴ കരകവിഞ്ഞൊഴുകുന്നു.
12ാം വാർഡിൽ രാമൻ പുഴയോരത്ത് കുനിയിൽതാഴെ പ്രദേശത്ത് വെള്ളം കയറി അംഗൻവാടി വെള്ളത്തിനടിയിലായി. കാട്ടില പീടിക കൈരളി എം.എസ്.എസ് സ്കൂളിനു മുൻവശം കിണർ ഇടിഞ്ഞുതാഴ്ന്നു. ബാലുശ്ശേരിയിൽ വെള്ളം കയറി പത്തോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഏഴാം വാർഡിൽപ്പെട്ട ആറാളക്കൽതാഴം, എടപ്പാടി താഴം ഓച്ചത്ത് താഴം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
മഴയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകരയില്‍ ഒരു ക്യാമ്പും തുറന്നു. 24 കുടുംബങ്ങളില്‍ നിന്നായി 37 സ്ത്രീകളും 31 പുരുഷന്മാരും 20 കുട്ടികളുമുള്‍പ്പെടെ 88 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.
കോഴിക്കോട് താലൂക്കില്‍ തുറന്ന രണ്ട് ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 17 സ്ത്രീകളും ഒമ്പത് പുരുഷന്‍മാരുമും നാല് കുട്ടികളുമുൾപ്പെടെ 30 പേരാണ് കഴിയുന്നത്. വടകര താലൂക്കില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളില്‍ നിന്നായി 20 സ്ത്രീകളും 22 പുരുഷന്മാരും 16 കുട്ടികളുമുള്‍പ്പെടെ 58 പേര് കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.