കോഴിക്കോട്: രണ്ടു ദിവസമായുള്ള കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ഒരു മരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും വ്യാപക നാശവുമുണ്ടായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാറ്റിൽ മരങ്ങൾ പതിച്ച് വൈദ്യുതിക്കമ്പികൾ പൊട്ടിവീണതിനാൽ പലയിടങ്ങളിലും വൈദ്യുതി നിലച്ചു.
റോഡിൽ വെള്ളക്കെട്ടുമൂലം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദീർഘദൂര ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ മൂന്നും നാലും മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. ഇതേത്തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽകിടന്ന് വലഞ്ഞു. കനത്ത മഴയിൽ വ്യാപക കൃഷിനാശവും ഉണ്ടായി.
മഴയിലും കാറ്റിലും നൂറുകണക്കിനു വാഴകൾ നിലംപൊത്തി. കൃഷി വകുപ്പ് അധികൃതർ നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നു. വീടുകൾക്കും നാശം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. മഴനാശം വിതച്ച വിവിധ മേഖലകളില്‍ അടിയന്തര നടപടികൾ ജില്ല ഭരണകൂടം കൈക്കൊണ്ടു. റവന്യൂ, ദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങൾക്കാണ് സജ്ജമായത്.
മലയോര മേഖലകളിലാണ് കൂടുതലും കൃഷിനാശമുണ്ടായത്. കപ്പ, വാഴ, പച്ചക്കറി കൃഷികള്‍ എന്നിവക്കാണ് തുടര്‍ച്ചയായ മഴയില്‍ നാശം നേരിട്ടത്. കൃഷിനാശത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തിയശേഷം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കനത്ത ജാഗ്രത പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. മത്സ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി.
ബീച്ച് ആശുപത്രിയിൽ ഒടിട്ട മേൽക്കൂര തകർന്ന് ചോർച്ച അനുഭവപ്പെട്ടു. തുടർന്ന് ലേബർ റൂമിനോടനുബന്ധിച്ച് പോസ്റ്റ് ഓപറേറ്റിവ് വാർഡിൽ വെള്ളം തളം കെട്ടിനിന്നു. ഇത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കി.
ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ശനിയാഴ്ച രാവിലെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലയില്‍ മഴക്കെടുതികള്‍ നേരിടുന്നതിന് എല്ലാവിധ സന്നാഹങ്ങളും സജ്ജമാണെന്ന് ഉറപ്പുവരുത്താന്‍ ഡി.ഡി.എം.എ ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്കി. ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. അടിയന്തര ഘട്ടങ്ങളില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍, വാഹനങ്ങള്‍, അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കണം. കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ. ബൈജു, ഡി.സി.പി അരുണ്‍ കെ. പവിത്രന്, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരി, ജില്ലതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ ജലസംഭരണികള്‍, പുഴകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ എന്നിവയിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും അവ തത്സമയം ജില്ലതല കണ്ട്രോള് റൂമിലേക്ക് അറിയിക്കാനും ജില്ല കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിന് നിർദേശം നല്കി. പുഴക്കരകളിലും മറ്റും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് മാറിത്താമസിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തണം.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള യന്ത്രസാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, ഡി.എം.ഒ, ആര്.ടി.ഒ, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് നിർദേശം നല്കി. അപകടസാധ്യതയുള്ള മരങ്ങളും കൊമ്പുകളും മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണം. ദേശീയപാതയിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ പമ്പുകളും ടാങ്കറുകളും സജ്ജമാക്കാന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ജില്ല കലക്ടര്‍ നിർദേശം നല്കി.
കഴിഞ്ഞ വര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കരുതലുമായി ജില്ല ഭരണകൂടം. ക്യാമ്പുകള്‍ സജ്ജീകരിച്ച് താക്കോൽ വാങ്ങി സൂക്ഷിക്കാൻ കലക്ടര്‍ ആവശ്യപ്പെട്ടു. പാരിഷ് ഹാളിലും സെന്റ് ജോര്‍ജ് ഹൈസ്കൂളിലുമായി രണ്ട് ക്യാമ്പുകള്‍ ഒരുക്കുന്നതായും 200ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉന്നതികളില്‍ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അപായ സൈറണ്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്താനും മണ്ണുമാന്തി, ക്രെയിന്‍, ലോറി എന്നിവ സജ്ജമാക്കാനും നിര്‍ദേശം നല്കി.
കോഴിക്കോട്: ചോമ്പാല ഹാർബർ മുതൽ രാമനാട്ടുകര വരെ 25ന് രാത്രി 11.30 മുതൽ കള്ളക്കടൽ പ്രതിഭാസം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങള്‍, പുഴയോരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ല കലക്ടര്‍ നിർദേശിച്ചു.
ക്വാറികളിലെ ഖനനപ്രവൃത്തികള്‍ നിർത്തിവെക്കണം. മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ചുരം റോഡുകൾ, ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ വൈകീട്ട് ഏഴു മുതൽ രാവിലെ ഏഴുവരെ അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.