ഓമശ്ശേരിയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന

ഓമശ്ശേരി: പകർച്ചവ്യാധി നിയന്ത്രണ ഭാഗമായി സർക്കാർ നടപ്പാക്കിവരുന്ന ഹെൽത്തി കേരള കാമ്പയിനോടനുബന്ധമായി പഞ്ചായത്തിലെ ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, അമ്പലക്കണ്ടി, അമ്പലമുക്ക് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ-മാംസ സ്റ്റാളുകൾ, മറ്റു കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ചോറ്, ഇറച്ചി, മീൻകറി, കുബ്ബൂസ്, വിവിധയിനം കറികൾ എന്നിവ കണ്ടെത്തി. അപാകതകൾ കണ്ടെത്തിയ സ്ഥാപന ഉടമകളിൽനിന്ന് 4000 രൂപ പിഴ ചുമത്തി. 48 സ്ഥാപനങ്ങൾ പരിശോധനക്ക് വിധേയമാക്കി.

ആരോഗ്യ -ശുചിത്വ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കുടിവെള്ളം പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്താത്ത സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പിന്റെ സാനിറ്ററി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ഇല്ലാത്തവർ, മലിനജലവും മറ്റ് മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കാത്തവർ, ബേക്കറി സാധനങ്ങൾ നിർമിച്ച് പാക്കറ്റുകളിലാക്കി നിർമാണ തീയതിയും കാലാവധി തീയതിയും, ഉപയോഗിച്ച സാധനങ്ങൾ എന്നിവ രേഖപ്പെടുത്താത്ത സ്ഥാപനം എന്നിവർക്ക് നോട്ടീസ് നൽകി.

അമ്പലമുക്കിൽ വീഴാറായ ബദാം മരം മുറിച്ചുനീക്കുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് റോഡ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്കും പഞ്ചായത്ത് സെക്രട്ടറിക്കും റിപ്പോർട്ട് നൽകും. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, കെ.ടി. ജയകൃഷ്ണൻ, ടി. സജീർ എന്നിവർ നേതൃത്വം നൽകി.

നിർദേശങ്ങൾ നൽകിയിട്ടും തുടർച്ചയായി നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ബി. സായ്നാഥ് അറിയിച്ചു.

Tags:    
News Summary - Health department inspection of hotels in Omassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.