കോഴിക്കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നികുതിയിനത്തിലും വെട്ടിപ്പ്. തൊഴിലുറപ്പ് പദ്ധതിയിൽ വിവിധതരം ഫണ്ട് തട്ടിപ്പുകളുടെയും അഴിമതികളുടെയും വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് ലഭിക്കേണ്ട ജി.എസ്.ടിയിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
ജി.എസ്.ടി രജിസ്ട്രേഷനുള്ള വെണ്ടർമാർക്ക് മാത്രമേ മെറ്റീരിയൽ വർക്കുകൾക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യാൻ ടെൻഡർ എടുക്കാൻ പാടുള്ളൂ. റഗുലർ സ്കീം രജിസ്ട്രേഷനും കോമ്പസിറ്റ് സ്കീം രജിസ്ട്രേഷനുമാണ് ജി.എസ്.ടി ഇനത്തിൽ ഉള്ളത്. റഗുലർ സ്കീമിൽ രജിസ്ട്രേഷൻ ഉള്ളവർക്കു മാത്രമേ സാധനമോ സേവനമോ വാങ്ങുന്നവരിൽനിന്ന് ജി.എസ്.ടി ഇൗടാക്കാനും ടാക്സ് ഇൻവോയ്സ് നൽകാനും പാടുള്ളു.
കോമ്പസിറ്റ് സ്കീം രജിസ്ട്രേഷൻ ഉള്ളവർക്ക് സാധനം നൽകുന്നവരിൽനിന്ന് ജി.എസ്.ടി സ്വീകരിക്കാൻ പാടില്ല. ഇവർ വിറ്റുവരവിൽനിന്ന് ഒരു ശതമാനം ജി.എസ്.ടി ഒടുക്കുകയാണ് ചെയ്യുക. ടാക്സ് ഇൻവോയ്സ് നൽകാനും പാടില്ല. ഈ പഴുത് മുതലാക്കി കോമ്പസിറ്റ് ടാക്സ് രജിസ്ട്രേഷനുള്ള വെണ്ടർമാർ തൊഴിലുറപ്പ് മെറ്റീരിയൽ വർക്കുകൾക്ക് സാധനം നൽകുകയും ഇതിന് വ്യാജ ടാക്സ് ഇൻവോയ്സ് നൽകി ജി.എസ്.ടി ആയി വൻതുകകൾ കൈപ്പറ്റുകയും ചെയ്തതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി.
ഈ തുക സർക്കാർ ഖജനാവിലേക്ക് എത്തുകയില്ല. ഇതിലൂടെ വൻ തുകയുടെ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. റഗുലർ ടാക്സ് സ്കീമിൽ രജിസ്ട്രേഷനുള്ള വെണ്ടർമാർ സാധനം നൽകുമ്പോൾ അവരിൽനിന്ന് ഗ്രാമപഞ്ചായത്ത് ജി.എസ്.ടി ഈടാക്കി വകുപ്പിലേക്ക് ഒടുക്കണമെന്ന് നിരവധി ഉത്തരവുകൾ ഉണ്ടെങ്കിലും പല പഞ്ചായത്തുകളും വ്യത്യസ്ത കാരണങ്ങൾ നിരത്തി ഈ തുക ഈടാക്കാതെ ജി.എസ്.ടി ഉൾപ്പെടെയുള്ള തുക വെണ്ടർമാർക്ക് നൽകുകയാണ് ചെയ്യുന്നതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് മെറ്റീരിയൽ വർക്ക് ഫയലുകളിൽ സൂക്ഷിച്ചിരിക്കുന്ന വെണ്ടർമാരുടെ ബില്ലുകൾ ജി.എസ്.ടി വകുപ്പ് പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ കഴിയുമെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോർട്ട് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.