കോഴിക്കോട്: നഗരത്തിൽ വർഷങ്ങളായി നോക്കുകുത്തിയായി നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ പാട്ടക്കാരായ അലിഫ് ബിൽഡേഴ്സിന്റെ കൈവശമാണെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കേസിലെ കക്ഷികളായ കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.എഫ്.സി, പരാതിക്കാർ എന്നിവരുടെ സംയുക്തയോഗം വിളിച്ച് കൈവശാവകാശം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ടെർമിനൽ ആരുടെ കൈവശമാണെന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലായിരുന്നു ഹൈകോടതി നിർദേശം. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും.
ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്നാവശ്യപ്പെട്ട് പാട്ടക്കാരായ അലിഫ് ബിൽഡേഴ്സാണ് കോടതിയെ സമീപിച്ചത്. പാട്ടക്കരാർ ഒപ്പുവെച്ച 2021 ആഗസ്റ്റ് 26 മുതൽ ടെർമിനൽ പാട്ടക്കാരുടെ കൈവശമാണ്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരം, സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി കെട്ടിടം അറ്റകുറ്റ പണി നടത്തുന്നതിനും സർക്കാറിന്റെ അംഗീകാരത്തോടെ പ്രവൃത്തി പൂർത്തീകരിച്ച് പാട്ടക്കാർക്ക് ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ടെൻഡർ നിബന്ധനകൾ പ്രകാരം നിലം, ഇന്റീരിയർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ നിലവിലെ അവസ്ഥയിലാണ് കെട്ടിടം കൈമാറിയത്. ടെർമിനലിന്റെ പാർക്കിങ് ഏരിയയിൽനിന്നും ശൗചാലങ്ങളിൽനിന്നും ഫീസ് പിരിക്കാൻ 2021 ഏപ്രിൽ എട്ടിന് കെ.ടി.ഡി.എഫ്.സി അലിഫിന് അനുവാദം നൽകിയിട്ടുണ്ട്. ഈ തീയതി മുതൽ ഇവയുടെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും കരം അടക്കുന്നതും അലിഫ് ആണ്. മാത്രമല്ല, അലിഫ് ബിൽഡേഴ്സിന്റെ ഓഫിസും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിന് മുകൾനിലയിലെ സ്ഥലം കടകൾ തുടങ്ങുന്നതിന് ഉപകരാർ നൽകാൻ 2022 ഏപ്രിൽ 18ന് അലിഫ് അനുമതി തേടുകയും 19ന് കെ.ടി.ഡി.എഫ്.സി അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം കെട്ടിടം അലിഫിന്റെ കൈവശമാണെന്നതിന് തെളിവാണെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം ട്രാൻപോർട്ട് സ്പെഷൽ സെക്രട്ടറി പി.ബി. നൂഹിന്റെ അധ്യക്ഷതയിൽ മേയ് 16ന് ചേർന്ന യോഗം വിലയിരുത്തിയതായി സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കെട്ടിടത്തിന്റെ കാര്യക്ഷമത, പ്ലാൻ, വ്യാപാരത്തിന് വിട്ടുകൊടുക്കുന്ന ഏരിയ എന്നിവ കരാറുകാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ടെൻഡർ നിബന്ധനകളിൽ വ്യക്തമാക്കിയിരുന്നു.
കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കുന്നതിന് 2019ൽ കെ.ടി.ഡി.എഫ്.സി മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരുന്നുവെന്ന കാര്യം പാട്ടക്കാരായ അലിഫ് ബിൽഡേഴ്സ് മാനേജിങ് പാർട്ണറായ അബ്ദുൽ കലാമിന് അറിയാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പാട്ടത്തിനെടുത്ത കെട്ടിടം കെ.ടി.ഡി.എഫ്.സി നടത്തിപ്പിനായി തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും എൻ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്നുമായിരുന്നു അലിഫിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.