കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് തടഞ്ഞുവെച്ചത് ക്രൂരതയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കടലുണ്ടിയിൽ യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപ മുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹ ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പട്ടിക ജാതി വിദ്യാർഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് മുഴുവൻ മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും ബാധകമാക്കി ഉത്തവിറക്കിയത്.
പിന്നീട് 2014 ലെ സമഗ്ര പരിഷ്കരണ ഉത്തരവിലൂടെ മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും എസ്.ഇ ആനുകൂല്യങ്ങൾ നൽകി. പ്രവേശന പരീക്ഷക്ക് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാർഥിക്ക് 1,10,000 രൂപ വരെ നൽകി. എന്നാൽ, ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് ഷാഫി കുറ്റപ്പെടുത്തി.
സ്കോളർഷിപ്പ് തുക 23 കോടി രൂപയോളം സർക്കാർ പിടിച്ചു വെച്ചിരിക്കയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളി വിദ്യാർഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർഥികളുടെ 3.20 കോടി രൂപയാണ് പിടിച്ചു വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക.
സ്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ 22,000ഓളം കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.